അരൂർ:ഇടതുവശത്തുകൂടി കടന്നുപോയ കെഎസ്ആർടിസി ബസ് സ്കൂട്ടറിന്റെ കണ്ണാടിയിൽ തട്ടി യുവാവ് ദേശീയപാതയിൽ വീണു. യുവാവ് പിന്നാലെ എത്തി ഡ്രൈവറെ ചോദ്യംചെയ്തതോടെ സൂപ്പർഫാസ്റ്റ് ബസ് നടുറോഡിലുപേക്ഷിച്ച് ജീവനക്കാർ പോയി. അരൂർ പഞ്ചായത്തിനു മുന്നിൽ വ്യാഴാഴ്ച രാവിലെ ഒൻപതുമണിയോടെയായിരുന്നു സംഭവംബസ് തട്ടി താഴെ വീണ യുവാവിന്റെ വസ്ത്രത്തിൽ ചെളി പറ്റിയെങ്കിലും, കാര്യമായ പരിക്കേറ്റില്ല. തുടർന്ന് യുവാവ് പിന്നാലെ എത്തി അരൂർ പഞ്ചായത്തിനു മുന്നിൽ കുരുക്കിലായിരുന്ന ബസിനു മുന്നിൽ സ്കൂട്ടർ നിർത്തി ഡ്രൈവറെ ചോദ്യംചെയ്തു.ആളുകൾ കൂടിയതോടെ ബസിലെ ഡ്രൈവറും കണ്ടക്ടറും ഉയരപ്പാത നിർമാണം നടക്കുന്ന ദേശീയപാതയുടെ പടിഞ്ഞാറുഭാഗത്ത് നടുറോഡിൽ വണ്ടി നിർത്തി ഇറങ്ങി ഓട്ടോറിക്ഷ വിളിച്ച് ആശുപത്രിയിലേക്കു പോയി. കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കൊല്ലം ഡിപ്പോയുടെ കെഎൽ 15 എ 768-ാം നമ്പർ സൂപ്പർഫാസ്റ്റ് ബസിലെ യാത്രക്കാർ പെരുവഴിയിലായി. എറണാകുളം ഭാഗത്തേക്കുള്ള ഗതാഗതവും കുരുങ്ങി. വിവരമറിഞ്ഞെത്തിയ അരൂർ പോലീസ് സ്വകാര്യ ബസ് ഡ്രൈവറുടെ സഹായത്തോടെയാണ് ബസ് സമീപത്തെ തൂണുകൾക്കിടയിലേക്ക് മാറ്റി ഇട്ടട്ടത്. യാത്രക്കാർ പിന്നാലെ എത്തിയ മറ്റ് ബസുകളിൽ കയറിപ്പോയി. ഡ്യൂട്ടിക്കിടെ മർദിച്ചു എന്ന തരത്തിൽ ഡ്രൈവർ പരാതി നൽകിയെങ്കിലും യാത്രക്കാരുടെ മൊഴി എടുത്തപ്പോൾ വ്യാജമാണെന്ന് തിരിച്ചറിഞ്ഞു.നെഞ്ചുവേദനയെ തുടർന്നാണ് ചികിത്സയ്ക്കായി ഇറങ്ങിപ്പോയതെന്ന വാദം ഉയർത്തിയെങ്കിലും അതും ശരിയല്ലെന്ന് പരാതിക്കാരൻ ഷൂട്ട് ചെയ്ത വീഡിയോയിൽനിന്ന് വ്യക്തമായി. ഇതോടെ കേസെടുക്കുന്ന കാര്യത്തിൽ പോലീസും വെട്ടിലായി. ബസിന്റെ പിൻഭാഗം കണ്ണാടിയിൽ തട്ടിയാണ് അരൂർ പഞ്ചായത്ത് 11-ാം വാർഡ് കളരിക്കൽ സനൂപ് കെ.എ. (33) വീണത്. എറണാകുളത്ത് കൂലിപ്പണിക്കാരനാണ് ഇദ്ദേഹം.വീഴ്ചയെ തുടർന്ന് ശരീരത്തിന്റെ പല ഭാഗങ്ങളിലും വേദന അനുഭവപ്പെട്ടതിനെ തുടർന്ന് സനൂപ് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. പരാതിക്കാരൻ സംഭവങ്ങളെല്ലാം മൊബൈലിൽ ചിത്രീകരിച്ചിരുന്നു. ഈ ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ കെഎസ്ആർടിസിക്കും ഗതാഗത വകുപ്പ് മന്ത്രിക്കും പരാതിയും നൽകിട്ടുണ്ട്.
കെഎസ്ആർടി സി ബസ് തട്ടി ബൈക്ക് യാത്രികനുപരിക്ക്
