നിമിഷ പ്രിയയുടെ മോചനത്തിന് പുറത്ത് നിന്ന് ആരും ഇടപെടേണ്ടതില്ല;കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യൻ നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനായുളള ശ്രമങ്ങൾ അവരുടെ കുടുംബം മാത്രമായി ഏറ്റെടുക്കണമെന്നാണ് നിലപാടെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ബാഹ്യ സംഘടനകളുടെ ഇടപെടൽ വിഷയത്തിൽ ഫലം നൽകാനിടയില്ലെന്ന് കേന്ദ്രം അറിയിച്ചു. ഇരയുടെ ബന്ധുക്കളുമായി നിമിഷ പ്രിയയുടെ കുടുംബം മാത്രമേ ചർച്ചകൾ നടത്താവൂ. നല്ല ഉദ്ദേശത്തോടെ ആണെങ്കിൽ കൂടി പുറത്തുനിന്നുള്ള ആരും അതിൽ ഉൾപ്പെടാതിരിക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ വിഷയത്തിൽ തിരിച്ചടി നേരിടേണ്ടി വരുമെന്നും കേന്ദ്രസർക്കാർ പറ‍ഞ്ഞു.
അറ്റോണി ജനറൽ ആർ വെങ്കിട്ടരമണിയാണ് കേന്ദ്രത്തിന്റെ നിലപാട് സുപ്രീം കോടതിയെ അറിയിച്ചത്. നിമിഷപ്രിയയുമായി ബന്ധപ്പെട്ടുളള ചർച്ചകൾ നടത്താൻ അവരുടെ കുടുംബം തന്നെ ഒരാളെ ഏർപ്പാടാക്കിയിട്ടുണ്ട്. ചർച്ചകൾ പുരോഗമിക്കുന്നത് അവരുടെ നേതൃത്വത്തിലാണ്. നിമിഷപ്രിയയുടെ കാര്യത്തിൽ ഏറ്റവും കൂടുതൽ ആശങ്ക ഉണ്ടാകുക അവരുടെ കുടുംബത്തിനാണ്. പുറത്ത് നിന്നുള്ള ആരും ചർച്ചകളുടെ ഭാഗമാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട് കുടുംബവുമായി ചര്‍ച്ചകള്‍ നടക്കുന്നുവെന്ന വാര്‍ത്തകള്‍ തളളി കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ ഫത്താഹ് അബ്ദുള്‍ മഹ്ദി നേരത്തെ രംഗത്തെത്തിയിരുന്നു. കുടുംബം ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും മാധ്യമവാര്‍ത്തകള്‍ തെറ്റാണെന്നും സഹോദരന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞിരുന്നു. മലയാളത്തിലും അറബിയിലുമാണ് ഫത്താഹ് അബ്ദുള്‍ മഹ്ദിയുടെ പോസ്റ്റ് പങ്കുവെച്ചിരുന്നത്. നിമിഷയുടെ വധശിക്ഷ തങ്ങളുടെ കുടുംബത്തിന്റെ അവകാശമാണെന്നും വധശിക്ഷ നടപ്പാക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്നും തലാലിന്റെ സഹോദരന്‍ പറഞ്ഞിരുന്നു. കുറ്റക്കാരിയായ നിമിഷപ്രിയയെ ഇന്ത്യന്‍ മാധ്യമങ്ങള്‍, പ്രത്യേകിച്ച് കേരളത്തിലെ മാധ്യമങ്ങള്‍ പാവമായാണ് ചിത്രീകരിക്കുന്നതെന്നും ഫത്താഹ് കുറ്റപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *