കൊട്ടാരക്കര : സമരങ്ങള്‍ തുടര്‍ന്നാല്‍ കെ.എസ്.ആര്‍.ടി.സി നശിച്ചുപോകുമെന്നും തൊഴിലാളികള്‍ സഹകരിച്ചാല്‍ കെ.എസ്.ആര്‍.ടി.സിയെ വിജയിപ്പിക്കാമെന്നും മന്ത്രി കെ.ബി.ഗണേഷ്കുമാര്‍ പറഞ്ഞു. സത്യപ്രതിജ്ഞക്ക് പുറപ്പെടുംമുമ്ബ് വാളകത്തെ വീട്ടില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയലാഭത്തോടെ സമരംചെയ്താല്‍ അനുഭവിക്കുന്നത് തൊഴിലാളികളാകും. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം ഇല്ലായ്മ ചെയ്യുകയാണെന്ന് ബോധ്യപ്പെട്ടാല്‍ നടപടിയുണ്ടാകും. സര്‍ക്കാറിന്‍റെ മുഖമായ കെ.എസ്.ആര്‍.ടി.സിയില്‍ ക്രമക്കേടുകള്‍ കണ്ടാല്‍ തിരുത്തും. കണക്കുകള്‍ സൂക്ഷ്മമായി പരിശോധിക്കും.
സാമ്ബത്തിക ക്രമക്കേടുകള്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ ഗ്രാമങ്ങളിലേക്കും ബസോടിക്കുന്ന പദ്ധതി മുഖ്യമന്ത്രിയുടെ സമ്മതത്തോടെ നടപ്പാക്കുമെന്നും കെ.എസ്.ആര്‍.ടി.സി മാത്രമല്ല സ്വകാര്യ ബസുകളെക്കൂടി ഉള്‍പ്പെടുത്തിയാകും പദ്ധതിയെന്നും മുൻമന്ത്രി നടത്തിയ പരിഷ്കാരങ്ങളെ ഇല്ലാതാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മാതാപിതാക്കള്‍ക്ക് പുഷ്പാര്‍ച്ചന നടത്തിയാണ് കെ.ബി. ഗണേഷ്കുമാര്‍ വെള്ളിയാഴ്ച സത്യപ്രതിജ്ഞക്കായി തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്.
മാതാവ് വത്സല ബാലകൃഷ്ണന്‍റെ നാലാമത് ചരമവാര്‍ഷികമായിരുന്നു വെള്ളിയാഴ്ച. രാവിലെ വാളകത്ത് വീട്ടുവളപ്പിലെത്തി പിതാവ് ആര്‍. ബാലകൃഷ്ണപിള്ളയുടെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി. ഭാര്യ ബിന്ദു, സഹോദരി ബിന്ദു ബാലകൃഷ്ണൻ, സഹോദരീഭര്‍ത്താവ് സി. ബാലകൃഷ്ണൻ, കേരള കോണ്‍ഗ്രസ് (ബി) സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രേംജിത്, ജില്ല പ്രസിഡന്‍റ് എ. ഷാജു, പ്രഭാകരൻ നായര്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.