കുര്‍ബാന തര്‍ക്കത്തെതുടര്‍ന്ന് ഒരു വര്‍ഷമായി അടഞ്ഞുകിടക്കുന്ന എറണാകുളം-അങ്കമാലി അതിരൂപതയുടെ ആസ്ഥാന ദേവാലയം സെൻറ് മേരീസ് ബസിലിക്ക ക്രിസ്മസ് ദിനത്തിലും തുറക്കില്ലെന്ന് റിപ്പോർട്ട്. സമാധാനാന്തരീക്ഷമുണ്ടാകുന്നതുവരെ തുറക്കില്ലെന്ന് ബസിലിക്കയുടെ ചുമതലയുള്ള അഡ്മിനിസ്ട്രേറ്റര്‍ ഫാ. ആൻറണി പൂതവേലി ഇടവകാംഗങ്ങളെ അറിയിച്ചു. തര്‍ക്കം പരിഹരിച്ച ശേഷമായിരിക്കും തുറക്കുക.
ക്രിസ്മസ് ദിനത്തില്‍ ബസിലിക്ക തുറന്ന് മാര്‍പാപ്പയും സിനഡും നിര്‍ദേശിച്ചതനുസരിച്ച് ഏകീകൃത കുര്‍ബാന അര്‍പ്പിക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു. ഇതിനുള്ള നിര്‍ദേശങ്ങള്‍ അതിരൂപത അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ബോസ്കോ പുത്തൂര്‍ വൈദികര്‍ക്ക് നല്‍കിയിരുന്നു. അതിരൂപതയില്‍ ക്രിസ്മസ് ദിനത്തില്‍ സിനഡ് തീരുമാനപ്രകാരമുള്ള ഏകീകൃത കുര്‍ബാന അര്‍പ്പിക്കണമെന്ന് മാര്‍പാപ്പയുടെ പ്രതിനിധി സിറില്‍ വാസിലും നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് ശേഷമാണ് ഞായറാഴ്ചയാണ് ബസിലിക്ക തുറക്കില്ലെന്ന അറിയിപ്പ് എത്തിയത്.
ക്രിസ്മസ് ദിനത്തില്‍ ഒരു കുര്‍ബാന സിനഡ് രീതിയില്‍ അര്‍പ്പിക്കുകയും ശേഷം ജനാഭിമുഖ കുര്‍ബാന തുടരുകയും ചെയ്യുമെന്ന് അതിരൂപതയിലെ വൈദിക യോഗത്തിനു ശേഷം അതിരൂപത സംരക്ഷണ സമിതി അറിയിച്ചിരുന്നു. അതിരൂപതയില്‍ സിനഡ് കുര്‍ബാന അടിച്ചേല്പിക്കാൻ അനുവദിക്കില്ലെന്ന നിലപാടാണ് അല്മായ മുന്നേറ്റത്തിന്റേത്. ഫാ. ആൻറണി പൂതവേലിയെ അഡ്മിനിസ്ട്രേറ്റര്‍ ചുമതലയില്‍നിന്ന് മാറ്റണമെന്ന ആവശ്യവും വിമതവിഭാഗം മുന്നോട്ടുവെക്കുന്നുണ്ട്.കഴിഞ്ഞ വര്‍ഷം ക്രിസ്മസ് തലേന്നാണ് ബസിലിക്കയില്‍ ഔദ്യോഗിക വിഭാഗത്തിനും വിമത വിഭാഗത്തിനുമിടയില്‍ കുര്‍ബാന അര്‍പ്പണവുമായി ബന്ധപ്പെട്ട് വലിയ സംഘര്‍ഷം അരങ്ങേറിയത്. വിമതവിഭാഗം വൈദികര്‍ ജനാഭിമുഖ കുര്‍ബാനയും ബസിലിക്ക അഡ്മിനിസ്ട്രേറ്റര്‍ ഫാ. ആന്റണി പൂതവേലിന്റെ നേതൃത്വത്തില്‍ ഏകീകൃത കുര്‍ബാനയും അര്‍പ്പിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. പിന്നീട് അസഭ്യവര്‍ഷവും തര്‍ക്കവും കൈയാങ്കളിയിലേക്ക് നീങ്ങുന്ന ഘട്ടത്തിലെത്തുകയും പൊലീസ് ഇടപെടേണ്ട സാഹചര്യമുണ്ടാകുകയും ചെയ്തു. പിന്നീട് ബസിലിക്ക അടച്ചിടുകയായിരുന്നു.
കുര്‍ബാന തര്‍ക്കം: സെൻറ് മേരീസ് ബസിലിക്ക ക്രിസ്മസ് ദിനത്തിലും തുറക്കില്ല
