പ്രേം നസീർ സ്മാരകം : ആദ്യ ഘട്ടം ഉടൻ സമർപ്പിക്കും – കടകംപള്ളി സുരേന്ദ്രൻ

തിരു : മലയാള സിനിമ ചരിത്രത്തിൽ തങ്കലിപികളാൽ എഴുതപ്പെട്ട പ്രേം നസീറിൻ്റെ ഓർമ്മകൾ അയവിറക്കുന്ന ചിറയിൻകീഴിൽ പണിതുവരുന്ന പ്രേംനസീർ സ്മാരകത്തിൻ്റെ ആദ്യ ഘട്ടം നിയമസഭാ തെരഞ്ഞെടുപ്പിനുമുൻപ് കലാകേരളത്തിന് സർക്കാർ സമർപ്പിക്കുമെന്ന് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. അറിയിച്ചു. താൻ ടൂറിസം മന്ത്രിയായിരിക്കുമ്പോൾ ഇതു സംബന്ധിച്ച നടപടിക്രമങ്ങളിൽ ബന്ധപ്പെടുകയും അതിനെ തുടർന്ന് ഒന്നാം പിണറായ് സർക്കാർ കാലത്ത് സ്മാരക നിർമ്മാണം ആരംഭിച്ചുവെന്നും അദ്ദേഹം പ്രസ്താവിച്ചു. 3 നിലകളിലായി ഏകദേശം 9 കോടി രൂപ വകയിരുത്തി നിർമ്മിക്കുന്ന പ്രേംനസീർ സ്മാരകത്തിൻ്റെ ആദ്യ ഘട്ട നിർമ്മാണം പൂർത്തിയായി വരുന്നുണ്ടെന്നും അതാണ് ഉടൻ നാടിന് സമർപ്പിക്കുന്നതെന്നും പ്രേംനസീർ സുഹൃത് സമിതി സംഘടിപ്പിച്ച പ്രേംനസീർ 37-ാം അനുസ്മരണം ഉൽഘാടനം ചെയ്ത് കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. പ്രേംനസീർ ചലച്ചിത്ര സംവിധാന ശ്രേഷ്ഠ പുരസ്ക്കാരം സംവിധായകൻ തുളസിദാസിന് അദ്ദേഹം സമർപ്പിച്ചു. തൈക്കാട് ഭാരത് ഭവനിൽ നൂറിലേറെ പേരെ ആകർഷിച്ച 5 ദിവസത്തെ പ്രേംനസീർ കവലയും സമാപിച്ചു. ഒരു ഗ്രാമത്തിൻ്റെ ആസ്വാദകത്വം തുളുമ്പിയ കവല കാണുവാൻ പ്രമുഖർ ഒഴുകിയെത്തി. 16 എം.എം. ഫിലിം പ്രദർശനമൊരുക്കിയ സിനിമ ടാക്കീസുംവഴി വിളക്കും അഞ്ചലാ ഫീസും ബോഞ്ചി കടയും 1960-ലെ വായനശാലയും അന്യംനിന്ന പലഹാരങ്ങൾ ഒരുക്കിയ ചായ പീടികയും ഗ്രാമചന്തയും സൈക്കിൾയജ്ഞവും വിവിധ കലാവിരുന്നും തലസ്ഥാനത്തിന് 5 നാൾ ആഘോഷമാക്കിയെന്ന് സമിതി സംസ്ഥാന ജനറൽ സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു. സംവിധായകരായ ബാലു കിരിയത്ത്, ടി.എസ്.സുരേഷ് ബാബു, ഉദയസമുദ്ര ചെയർമാൻ ചെങ്കൽ രാജശേഖരൻ നായർ, നടൻ വഞ്ചിയൂർ പ്രവീൺ കുമാർ, പനച്ചമൂട് ഷാജഹാൻ, ഗോപൻ ശാസ്തമംഗലം, എം.എച്ച്. സുലൈമാൻ, വി.വിനോദ്, വിജയകുമാരൻ നായർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *