സുല്‍ത്താൻ ബത്തേരി: സുല്‍ത്താൻ ബത്തേരിക്ക് സമീപം കടുവയുടെ അക്രമത്തില്‍ യുവാവ് കൊല്ലപ്പെട്ടു.വാകേരി കൂടല്ലൂര്‍ മൂടക്കൊല്ലി സ്വദേശി മരോട്ടിതറപ്പില്‍ പ്രജീഷ് (36)ആണ് മരിച്ചത്. ശനിയാഴ്‌ച്ചയാണ് സംഭവം. യുവാവിന്റെ ശരീരഭാഗങ്ങള്‍ കടുവ ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. പുല്ലുവെട്ടാൻ പോയപ്പോഴാണ് കടുവയുടെ ആക്രമണം ഉണ്ടായത്. ഈ പ്രദേശത്ത് രണ്ട് മാസം മുമ്ബ് കടുവശല്യം രുക്ഷമായിരുന്നു.
അടുത്തിടെ വാകേരിയില്‍ വളര്‍ത്തുനായയെയും കൃഷിയിടങ്ങളിലെത്തുന്ന മറ്റു ജീവികളെയും കടിച്ചു കൊന്നു ജനവാസ കേന്ദ്രത്തില്‍ വിലസുന്ന കടുവ വാകേരി, മൂടക്കൊല്ലി, കൂടല്ലൂര്‍ വാലി എസ്റ്റേറ്റ്, കക്കടം ഭാഗങ്ങളില്‍ ഭീഷണി ഉയര്‍ത്തിയിരുന്നു. ഏദൻവാലി എസ്റ്റേറ്റിലെ വളര്‍ത്തുനായയെ കടുവ പിടികൂടി കൊന്നിരുന്നു. കടുവ നായയെ കൊല്ലുന്ന ദൃശ്യം സിസിടിവികളില്‍ പതിഞ്ഞിരുന്നു. നേരത്തെ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കടുവ മത്സ്യവില്‍പനയ്ക്ക് ബൈക്കിലെത്തിയ ആളുടെ മുൻപിലേക്കും ചാടിയുരുന്നു.
കടുവ ശല്യം ഒഴിവാക്കുന്നതിനുള്ള നടപടികളുണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിനിറങ്ങുമെന്ന മുന്നറിയിപ്പ് ജനങ്ങളും തൊഴിലാളികളും നല്‍കുന്നുണ്ട്. വാകേരി, കക്കടം, പഴുപ്പത്തൂര്‍, മന്ദംകൊല്ലി, ചൂരിമല പ്രദേശങ്ങളിലെല്ലാം ഇടവിട്ട ദിവസങ്ങളില്‍ കടുവ എത്തിയിരുന്നു.