ദോഹ: ഖത്തറിലെ മികച്ച വളന്റിയർ സേവനത്തിനുള്ള ഫിഫ അവാർഡിൽ മലയാളികൾക്ക് അഭിമാനമായി കാസർകോടുകാരൻ സിദ്ദീഖ് നമ്പിടി. കഴിഞ്ഞ ദിവസം ലുസൈൽ ഫാൻസോണിൽ നടന്ന ആഘോഷ പരിപാടിയിലാണ് അണ്ടർ 17 വേൾഡ് കപ്പ് വിഭാഗത്തിൽ മികച്ച സേവനത്തിനുള്ള അവാർഡ് സിദ്ദീഖ് കരസ്ഥമാക്കിയത്. ഫിഫ അണ്ടർ 17 വേൾഡ് കപ്പ്, അറബ് കപ്പ്, ഇന്റർ കോണ്ടിനെന്റൽ കപ്പ് എന്നീ മൂന്ന് അന്താരാഷ്ട്ര ടൂർണമെന്റുകൾക്കായി ഫിഫ നേരത്തേ വളന്റിയർ അപേക്ഷ ക്ഷണിച്ചിരുന്നു. 25,000 അപേക്ഷകരിൽനിന്ന് 3500ഓളം വളന്റിയർമാരാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇതിലെ ഓരോ വിഭാഗത്തിലും ഓരോ സ്റ്റേഡിയത്തിലെയും മികച്ച വളന്റിയർമാരെയാണ് ലുസൈൽ ഫാൻസോണിൽ നടന്ന വിജയാഘോഷ ചടങ്ങിൽ അനുമോദിച്ചത്. അവാർഡ് അർഹരിലെ ഏക ഇന്ത്യക്കാരനും സിദ്ദീഖ് ആണ്. ലൊക്കൽ ഓർഗനൈസിങ് കമ്മിറ്റി സി.ഇ.ഒ ജാസിം അൽ ജാസിം, അഡ്മിനിസ്ട്രേറ്റിവ് എക്സിക്യൂട്ടിവ് ഡയറക്ടർ ഹയ മുഹമ്മദ് അൽ നഈമി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
മികച്ച സേവനത്തിനുള്ള ഫിഫ വളന്റിയർ അവാർഡിന് അർഹനായി മലയാളി സിദ്ദീഖ് നമ്പിടി
