ധുരന്ധര്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് ചടങ്ങിനിടെ നടി സാറാ അര്‍ജുനെ ചുംബിച്ച സംഭവത്തില്‍ പ്രതികരണവുമായി നടന്‍ രാകേഷ് ബേദി. സംഭവത്തിലെ ആരോപണങ്ങളേയും വിമര്‍ശനങ്ങളേയും തള്ളിക്കളഞ്ഞാണ് രാകേഷ് ബേദി രംഗത്തെത്തിയിരിക്കുന്നത്. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ വെറും വിഡ്ഢിത്തമാണെന്ന് അദ്ദേഹം ഹിന്ദുസ്ഥാന്‍ ടൈംസിനോട് പ്രതികരിച്ചു.ഇക്കഴിഞ്ഞ നവംബറിലാണ് ധുരന്ധറിന്റെ ട്രെയിലര്‍ ലോഞ്ച് മുംബൈയില്‍ നടന്നത്. രാകേഷ് ബേദി, മാധവന്‍, അര്‍ജുന്‍ രാംപാല്‍ എന്നിവര്‍ വേദിയില്‍ നില്‍ക്കുമ്പോള്‍ നായികയായ സാറാ അര്‍ജുനെ വേദിയിലേക്ക് ക്ഷണിച്ചു. സാറ വേദിയിലെത്തുമ്പോള്‍ ആദ്യം സ്വീകരിക്കുന്നത് മാധവനാണ്. തുടര്‍ന്ന് സാറയെ സ്വീകരിച്ചത് രാകേഷ് ബേദിയാണ്. സാറയെ ആലിംഗനം ചെയ്യുന്നതിനിടെ രാകേഷ് അവരുടെ തോളില്‍ ചുംബിക്കുകയായിരുന്നു. ഇതാണ് അദ്ദേഹത്തിനെതിരെ സൈബറാക്രമണം ഉണ്ടാവാനുള്ള കാരണം.സാറ അര്‍ജുനുമായുള്ള തന്റെ ബന്ധം എപ്പോഴും ബഹുമാനത്തോടും സ്‌നേഹത്തോടും കൂടിയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സാറയ്ക്ക് തന്നേക്കാള്‍ പകുതി പ്രായമെ ഉള്ളു. തന്റെ മകളായാണ് അഭിനയിക്കുന്നത്. ഷൂട്ടിനിടയില്‍ തങ്ങള്‍ കാണുമ്പോള്‍, മകള്‍ അച്ഛനോടെന്നപോലെ അവള്‍ തന്നെ കെട്ടിപ്പിടിക്കും. തങ്ങള്‍ക്കിടയില്‍ നല്ല സൗഹൃദവും അടുപ്പവും ഉണ്ട്. അത് സ്‌ക്രീനിലും പ്രതിഫലിക്കുന്നു. അന്നും ഇത് വ്യത്യസ്തമായിരുന്നില്ല. പക്ഷേ ആളുകള്‍ അവിടെയുള്ള സ്‌നേഹം കാണുന്നില്ല. ഒരു മുതിര്‍ന്നയാള്‍ക്ക ഒരു പെണ്‍കുട്ടിയോടുള്ള സ്‌നേഹം. കാണുന്നവരുടെ കണ്ണിലാണ് പ്രശ്‌നം, പിന്നെ എന്തു ചെയ്യാനാണെന്നായിരുന്നു ബേദിയുടെ പ്രതികരണം.
നടി സാറാ അര്‍ജുന്റെ തോളില്‍ ചുംബിച്ച സംഭവത്തിൽ പ്രതികരണവുമായി നടന്‍ രാകേഷ് ബേദി
