മാള :അർത്ഥങ്ങൾക്കപ്പുറത്ത് അനുഭവങ്ങൾക്ക് തിരി കൊളുത്തുന്നതാവണം കവിതയെന്നും അങ്ങനെയുള്ള കവിതകൾ മാത്രമേ വായനക്കാരൻ്റെ വ്യക്തിത്വത്തേയും സംസ്കാരത്തേയും സ്പർശിക്കുകയുള്ളു എന്നും കവി പ്രൊഫ.കെ.വി. രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. കുഴിക്കാട്ടുശേരി ഗ്രാമികയുടെ ആഭിമുഖ്യത്തിൽ നടന്ന മലയാള കവിതാദിന പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിന്ധു വാസുദേവൻ, റീബാപോൾ, സായ്ലിമി എന്നിവർ ചേർന്ന് മലയാള കവിതയുടെ പതാക ഉയർത്തിക്കൊണ്ടാണ് കവിതാദിനാഘോഷം ആരംഭിച്ചത്. ഉദ്ഘാടന സമ്മേളനത്തിൽ കവിത ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബക്കർ മേത്തല രചിച്ച മുടിയഴിച്ചിട്ട ഉദ്യാനങ്ങൾ എന്ന പുസ്തകത്തിൻ്റെ പ്രകാശനം നടന്നു. കെ.വി.വിൻസൻ്റ്, കാട്ടൂർ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. നവതിയിലെത്തിയ കവി കെ.വി.രാമകൃഷ്ണനെ തുമ്പൂർ ലോഹിതാക്ഷൻ ആദരിച്ചു. ഡിജിറ്റൽ കാലത്തെ കവിതയെപ്പറ്റിയുള്ള സംവാദത്തിൽ രാംമോഹൻ പാലിയത്ത് വിഷയമവതരിപ്പിച്ചു. കിംഗ് ജോൺസ്, ഡോ.സ്വപ്ന സി.കോമ്പാത്ത്, ബാലകൃഷ്ണൻ അഞ്ചത്ത്, ഡോ.ടി.എം. സോമലാൽ എന്നിവർ സംസാരിച്ചു. കവിതയും പ്രതിരോധവും എന്ന വിഷയത്തിൽ പ്രൊഫ.ഇ.വി. രാമകൃഷ്ണൻ പ്രഭാഷണം നടത്തി. ഡോ.ഷിജു കെ. അധ്യക്ഷനായി. പ്രകൃതി ദുരന്തങ്ങൾക്കും യുദ്ധങ്ങൾക്കും ശേഷവും പുതിയ പുലരി പ്രതീക്ഷിച്ചു കൊണ്ട് മനുഷ്യർ മുന്നോട്ട് പോകുന്നത്, ഇതിനൊക്കെ ബദലായി സ്നേഹത്തെക്കുറിച്ചും പരസ്പരാശ്രിതത്വത്തെക്കുറിച്ചും പറയാൻ കവിതയും സാഹിത്യവും ഉള്ളതുകൊണ്ടാണെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കവി പി.എൻ.ഗോപീകൃഷ്ണൻ പറഞ്ഞു. പ്രൊഫ.ഇ.വി. രാമകൃഷ്ണൻ രചിച്ച പുസ്തകത്തിൻ്റെ കവർ ഗോപീകൃഷ്ണൻ പ്രകാശനംചെയ്തു. ഹൃഷികേശൻ പി.ബി. അധ്യക്ഷനായി. പ്രൊഫ.കുസുമം ജോസഫ്, ഡോ.എസ്.എസ്. ജയകുമാർ, ഡോ.ജെൻസി കെ. എ. എന്നിവർ സംസാരിച്ചു.തുടർന്ന് മാധവൻ പുറച്ചേരിയുടെ അധ്യക്ഷതയിൽ നടന്ന കവിത ചൊല്ലും പറച്ചിലും പരിപാടിയിൽ അനിൽ മുട്ടാർ, ലിജിത കടുമേനി, സലിം ചേനം, ശ്രീജ നടുവം, ജോയ് ജോസഫ്, സുബാമണി, ജയപ്രകാശ് ഒളരി എന്നിവർ കവിത ചൊല്ലി. കുമാരനാശാൻ്റെ വീണപൂവ് ആദ്യമായി പ്രസിദ്ധീകരിച്ച ധനു 1 ആണ് മലയാള കവിതാദിനമായി ആഘോഷിച്ചുവരുന്നത്.
കവിതയുടെ പൊരുൾ തേടി ഗ്രാമികയിൽ മലയാള കവിതാദിനം
