കൊച്ചി: രാജ്യത്തെ ഏറ്റവും വിപുലമായ ന്യൂറോ സർജറി വിഭാഗവുമായി കൊച്ചി ആസ്റ്റർ മെഡ്സിറ്റി ആശുപത്രി. തലച്ചോർ, നട്ടെല്ല്, നാഡി പരിചരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട ഏറ്റവും അത്യാധുനികമായ ചികിത്സയും ആരോഗ്യ സേവനങ്ങളുമാണ് ആസ്റ്റർ മെഡ്സിറ്റിയിലെ ഗ്ലോബൽ സെന്റർ ഫോർ എക്സലൻസ് ഇൻ ന്യൂറോസയൻസസ് നൽകി വരുന്നത്. നിംഹാൻസിലെ ന്യൂറോ പത്തോളജി വിഭാഗം സീനിയർ പ്രൊഫസറായിരുന്ന ഡോ. വാണി സന്തോഷിന്റെയും ഡയഗ്നോസ്റ്റിക് ന്യൂറോ റേഡിയോളജിസ്റ്റായ ഡോ. ഹരീഷ് ബാബുവിന്റെയും സേവനങ്ങൾ കൂടി ഇനി മുതൽ ലഭ്യമാകുമെന്ന് കൊച്ചി ഗ്രാന്റ് ഹോട്ടലിൽ നടന്ന വാർത്താ സമ്മേളനത്തിൽ അധികൃതർ അറിയിച്ചു.
ന്യൂറോ സർജറി, ന്യൂറോളജി, സ്പൈൻ സർജറി, ന്യൂറോ റേഡിയോളജി, ന്യൂറോ സൈക്കോളജി, ന്യൂറോ റീഹാബിലിറ്റേഷൻ തുടങ്ങിയ സേവനങ്ങൾ പ്രായഭേദമന്യേ ലഭ്യമാകും. ഇതിനുപുറമേ അത്യാധുനിക ന്യൂറോളജി സേവനങ്ങൾ നൽകുന്നതിന്റെ ഭാഗമായി ന്യൂറോ സയൻസ് സെന്ററിന് കീഴിൽ ന്യൂറോ പത്തോളജി വിഭാഗവും ഡയഗ്നോസ്റ്റിക് ന്യൂറോ റേഡിയോളജി വിഭാഗവും ആരംഭിച്ചു. ആസ്റ്റർ മെഡ്സിറ്റിക്ക് പുറമേ ആസ്റ്റർ ഗ്രൂപ്പിന് കീഴിലുള്ളതും പുറത്തുള്ളതുമായ വിവിധ ആശുപത്രികളിൽ നിന്നുള്ള സാമ്പിളുകൾ പരിശോധിക്കാനുള്ള സൗകര്യവും ഇവിടെ ലഭ്യമാണ്.
വിപുലമായ ന്യൂറോ പത്തോളജി സേവനങ്ങൾ അവതരിപ്പിക്കുന്നതിലൂടെ സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള ന്യൂറോളജിക്കൽ സേവനങ്ങൾ മെച്ചപ്പെടുത്തുകയും അതു വഴി ആരോഗ്യ മേഖലയിൽ വിപ്ലവം സൃഷ്ടിക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് ആസ്റ്റർ മെഡ്‌സിറ്റിയിലെ ന്യൂറോ സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ദിലീപ് പണിക്കർ പറഞ്ഞു.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസിലെ (നിംഹാൻസ്) ന്യൂറോ പത്തോളജി സീനിയർ പ്രൊഫസറായിരുന്ന ഡോ. വാണി സന്തോഷാണ് ന്യൂറോ പത്തോളജി വിഭാഗത്തിന് നേതൃത്വം നൽകുന്നത്. സൗത്ത് കരോലിന സർവകലാശാലയിലെ വിസിറ്റിംഗ് ഫാക്കൽറ്റി കൂടിയായ ഡോ. വാണി ന്യൂറോ ഓങ്കോളജിയുമായി ബന്ധപ്പെട്ട ഗവേഷണങ്ങളിലൂടെ രാജ്യാന്തര തലത്തിൽ തന്നെ പ്രശസ്തയാണ്. റേഡിയോ-കെമോറെസിസ്റ്റൻ, ഗ്ലിയോബ്ലാസ്റ്റോമ (ജി.ബി.എം), ഗ്ലിയോമകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട പഠനങ്ങളും നടത്തിയിരുന്നു. നോവൽ ഡയഗ്നോസ്റ്റിക്, പ്രോഗ്നോസ്റ്റിക് ബയോ മാർക്കറുകൾ തുടങ്ങിയവ തലച്ചോറിലെ മുഴകൾക്കുള്ള മോളിക്യുലാർ ഡയഗ്നോസ്റ്റിക് പരിശോധനകളുടെ വളർച്ചക്ക് വഴിവെച്ചവയാണ്.
ആയുർദൈർഘ്യത്തിലെ വർദ്ധനവും സാങ്കേതികവിദ്യയുടെ വളർച്ചയും തലച്ചോറിലെ മുഴകൾ ഫലപ്രദമായി കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും വലിയ തോതിൽ ഗുണം ചെയ്യുന്നുണ്ടെന്ന് ഡോ. വാണി പറഞ്ഞു. തലച്ചോറിലെ മുഴകളുടെ സ്വഭാവവും സവിശേഷതകളും സംബന്ധിച്ച വിവരങ്ങൾ നൽകുന്നതിലൂടെ ന്യൂറോ സർജറിയിൽ വലിയ പങ്കാണ് ന്യൂറോ പത്തോളജി വഹിക്കുന്നതെന്നും വ്യക്തമാക്കി.
ബ്രെയിൻ സ്‌കാനിംഗ് രോഗനിർണ്ണയത്തിൽ വിദഗ്ധനായ ഡയഗ്നോസ്റ്റിക് ന്യൂറോ റേഡിയോളജിസ്റ്റ് ഡോ. ഹരീഷ് ബാബുവിന്റെ സേവനവും ന്യൂറോ സർജറി വിഭാഗത്തിൽ ഇനി മുതൽ ലഭ്യമാകും. കൃത്യവും വ്യക്തവുമായ വിവരങ്ങൾ നൽകുന്നതിനാൽ ന്യൂറോ സർജറിയിയിൽ പ്രധാന പങ്കാണ് ഡയഗ്നോസ്റ്റിക്
ന്യൂറോ റേഡിയോളജിക്കുള്ളതെന്ന് ഡോ. ഹരീഷ് ബാബു . ന്യൂറോ സർജന്മാർ, ഡയഗ്നോസ്റ്റിക് ന്യൂറോറഡിയോളജിസ്റ്റുകൾ, ന്യൂറോ പത്തോളജിസ്റ്റുകൾ തുടങ്ങിയവർ സഹകരിച്ച് പ്രവർത്തിക്കുന്നത് ചികിത്സയിൽ വലിയ പുരോഗതി സൃഷ്ടിക്കുമെന്ന് ന്യൂറോ സർജറി സീനിയർ കൺസൾട്ടന്റ് ഡോ. എസ്. ശ്യാം സുന്ദർ പറഞ്ഞു. കൂടുതൽ കൃത്യമായ രോഗനിർണ്ണയത്തിനും മെച്ചപ്പെട്ട ചികിത്സ നൽകുന്നതിലൂടെ രോഗശാന്തി ലഭിക്കാനും സഹായിക്കുമെന്നും കൂട്ടിച്ചേർത്തു.
ന്യൂറോളജി, പാർക്കിൻസൺ ആൻഡ് മൂവ്മെന്റ് ഡിസോർഡേഴ്സ് സെന്റർ, അക്യൂട്ട് സ്ട്രോക്ക് കെയർ സെന്റർ, പീഡിയാട്രിക് ന്യൂറോളജി, എപ്പിലെപ്സി കെയർ സെന്റർ, സ്പൈൻ കെയർ സെന്റർ, ഫിസിക്കൽ മെഡിസിൻ ആന്റ് റീഹാബിലിറ്റേഷൻ, ന്യൂറോ സൈക്കോളജി തുടങ്ങിയ സേവനങ്ങളെല്ലാം ഒരു കുടക്കീഴിൽ ഒരുക്കിയാണ് കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലെ ഗ്ലോബൽ സെന്റർ ഓഫ് എക്സലൻസ് ഇൻ ന്യൂറോ സയൻസസ് സജ്ജീകരിച്ചിട്ടുള്ളത്.