തിരുവല്ല മാക്‌ഫാസ്റ്റ് കോളേജിലെ വിദ്യാർത്ഥികൾക്ക് ആഗോള തലത്തിൽ അഭിമാന നേട്ടം. നാസയുടെ ഇന്റർനാഷണൽ സ്പേസ് ആപ്സ് ചലഞ്ച് 2025-ൽ കൊച്ചിയെ പ്രതിനിധീകരിക്കാൻ . ടെറാ ടെൽസ്: സ്റ്റോറിയ്സ് ഫ്രം എ ചേഞ്ചിംഗ് എർത്ത്’ എന്ന പേരിലുള്ള പ്രോജക്റ്റ് അവതരിപ്പിച്ചതിനാണ് മാക്‌ഫാസ്റ്റ് കോളേജ് ഡിപ്പാർട്ട്മെൻറ് ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് ഫസ്റ്റ് സെമസ്റ്റർ എംസിഎ വിദ്യാർത്ഥികളായ അർജുൻ സാന്തോഷ്, ദിയ ദീപക്, ഗൗതം തുളസി, അഞ്ജലി സുരേഷ്, കാർത്തിക ചന്ദ്ര എന്നിവരടങ്ങിയ ടീമിനെ ഫൈനൽ റൗണ്ടിലേയ്ക്ക് തെരഞ്ഞെടുത്തത്. “Animation Celebration of Terra Data” എന്ന ചലഞ്ചിന് കീഴിലാണ് പ്രോജക്റ്റ് വികസിപ്പിച്ചത്. നാസയുടെ ടെറാ ഉപഗ്രഹത്തിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് യഥാർത്ഥ ഉപഗ്രഹ ഡേറ്റാ ഉപയോഗിച്ച് ആനിമേഷനും ഇൻററാക്ടീവ് ദൃശ്യാവിഷ്ക്കാരങ്ങളും സൃഷ്ടിച്ച് ഭൂമിയിലെ പരിസ്ഥിതിവ്യതിയാനങ്ങൾ — ഹിമ പാളികളുടെ ഉരുകൽ, വായു മലിനീകരണം, നഗരവിപുലീകരണം, ആഗോള താപനവർദ്ധനം തുടങ്ങിയവ — പ്രദർശിപ്പിക്കുന്നതാണ് ഈ പ്രോജക്റ്റ്.ലോകത്തിലെ ഏറ്റവും വലിയ വാർഷിക ഹാക്കത്തോണായ ഈ മത്സരം നാസയും അന്താരാഷ്ട്ര ബഹിരാകാശ ഏജൻസികളും ചേർന്നാണ് സംഘടിപ്പിക്കുന്നത്. ഈ അംഗീകാരത്തോടൊപ്പം ഇവരുടെ ടീം ഗ്ലോബൽ എവല്യൂയേഷൻ ഘട്ടത്തിലേക്ക് കടന്നു. കൊച്ചിയെയും കേരളത്തെയും ലോകത്തിലെ മുൻനിര ടീമുകൾക്കൊപ്പം ആണ് ഇവർ പ്രതിനിധീകരിക്കുന്നത് . നാസയുടെ ആഗോള തലത്തിലുള്ള ഈ സംരംഭത്തിന്റെ ഭാഗമായുള്ള പ്രാദേശിക ഇവന്റ് എറണാകുളത്തെ രാജഗിരി സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജിയിലാണ് (RSET) സംഘടിപ്പിച്ചത്. വിദ്യാർത്ഥികളും നവാത്മാക്കളും നാസയുടെ ഓപ്പൺ ഡേറ്റാ ഉപയോഗിച്ച് ഭൂമിയും ബഹിരാകാശവും സംബന്ധിച്ച യഥാർത്ഥ പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ കണ്ടെത്താനാണ് ഈ പദ്ധതിയുടെ ലക്ഷ്യം.അഭിമാനകരമായ നേട്ടം കൈവരിച്ച വിദ്യാർത്ഥികളെ മാക്ഫാസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഡോ.വർഗീസ് കെ ചെറിയാൻ , മാനേജരും അഡ്മിനിസ്ട്രേറ്ററുമായ ഫാ . ഈപ്പൻ പുത്തൻപറമ്പിൽ , ഡിപ്പാർട്ട്മെൻറ് ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വകുപ്പ് മേധാവി റ്റിജി തോമസ് എന്നിവർ അഭിനന്ദിച്ചു.
നാസയുടെ ഇന്റർനാഷണൽ സ്പേസ് ആപ്സ് ചലഞ്ച് 2025-: തിരുവല്ല മാക്‌ഫാസ്റ്റ് കോളേജിലെ ഡിപ്പാർട്ട്മെൻറ് ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിദ്യാർത്ഥികൾക്ക് ആഗോള അംഗീകാരം
