പട്ടാമ്പി : കൂറ്റനാട് ചാൽപ്രം കട്ടിൽമാടത്തിനടുത്ത് സ്കൂട്ടർ വൈദ്യുതത്തൂണിലിടിച്ച് വിദ്യാർഥി മരിച്ചു. ചാൽപ്രം സ്വദേശിയും നാഗലശ്ശേരി ഗവ. ഹൈസ്കൂളിലെ 10-ാം ക്ലാസ് വിദ്യാർഥിയുമായ എ. മുഹമ്മദ് ഫറൂഖ് (15) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹപാഠി എം. അഹമ്മദ് അൻസിൽ റോഷിന് (15) ഗുരുതര പരിക്കേറ്റു. പരിക്കേറ്റ വിദ്യാർഥിയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോയമ്പത്തൂർ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെ ചാലിപ്പുറം കട്ടിൽമാടം നളന്ദ നഗറിൽ അങ്കണവാടിക്ക് സമീപം നിലമ്പതിയിലാണ് അപകടം. ഇലക്ട്രിക് സ്കൂട്ടറിൽ വീട്ടിൽനിന്ന് എടക്കാട് ഭാഗത്തേക്ക് പോകുമ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ വൈദ്യുതത്തൂണിലിടിക്കുകയായിരുന്നു.അപകടത്തിൽ ഫറൂഖിന്റെ തല വൈദ്യുതത്തൂണിൽ ഇടിച്ചതായി നാട്ടുകാർ പറഞ്ഞു. സ്ഥലത്തെത്തിയ പഞ്ചായത്തംഗം അസീബ് റഹ്മാനും ബന്ധുക്കളും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. തൃശ്ശൂർ സ്വകാര്യ മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികത്സയിലിരിക്കേ വെള്ളിയാഴ്ച പകൽ മൂന്നുമണിയോടെയാണ് മരണം.
സ്കൂട്ടർ വൈദ്യുതത്തൂണിലിടിച്ച് പത്താംക്ലാസ് വിദ്യാർഥി മരിച്ചു
