റോഡിന് പരിഹാരമില്ല : തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ഒരുങ്ങി നാട്ടുകാർ

മലപ്പുറം  : പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലെ ഓണപ്പുട കളത്തിൽ തൊടി നിവാസികളുടെ വർഷങ്ങളായുള്ള യാത്ര ദുരിതത്തിനു, അറുതി വേണം എന്ന ആവശ്യത്തോട് പുറം തിരിഞ്ഞ അധികൃതർക്ക് വോട്ട് ബഹിഷ്കരണ മുന്നറിയിപ്പുമായി നാട്ടുകാർ.   ഓണപുട പന്നിക്കോട് റോഡ് യാഥാർഥ്യം ആക്കണം എന്ന ഉദ്ദേശത്തോടെ,   നൂറോളം വരുന്ന ആളുകളാണ്  അധികൃതർക്ക് മുന്നറിയിപ്പായി വോട്ട് ബഹിഷ്കരിക്കാൻ തീരുമാനമെടുക്കാനായി  യോഗം ചേർന്നത്.ഓണപ്പുട കളത്തിൽ തൊടി പ്രദേശത്തെ സ്കൂൾ വിദ്യാർത്ഥികളടക്കം ദിനേന നൂറിലധികം ആളുകൾ യാത്ര ചെയ്യുന്ന വഴിയാണ് വർഷങ്ങളായി യാതൊരുവിധ നവീകരണവും നടക്കാതെ നാട്ടുകാർക്ക് പ്രയാസകരമാകുന്നത് .  ചെറിയ  മഴ പെയ്താൽ പോലും ചെളി കുളമാകുന്ന ഈ വഴിയിൽ, വിദ്യാർത്ഥികളും, ഇരു ചക്ര വാഹനങ്ങളും തെന്നി വീഴുന്നതും പതിവാണ്.
തങ്ങളുടെ ദുരിതാവസ്ഥ കാണിച്ചു എം.എൽ.എ അടക്കമുള്ള അധികാരികളെ നിരവധി തവണ  വിഷയം അറിയിച്ചുവെങ്കിലും യാതൊരു വിധ നടപടികളും ഉണ്ടായില്ലന്ന് പ്രദേശ വാസികൾ പറയുന്നു. പഞ്ചായത്തിലെ നട വഴികൾ പോലും  കോൺക്രീറ്റ് ചെയ്തു  അധികൃതർ നവീകരിച്ചപ്പോൾ തങ്ങളുടെ  സഞ്ചാര സ്വാതന്ത്ര്യത്തിനെതിരെ അധികൃതർ കണ്ണടക്കുകയാണ് ചെയ്യുന്നതെന്ന് ഇവർ പറയുന്നു. ഇനിയും അധികൃതർ പ്രദേശ വാസികളുടെ ആവശ്യം പരിഗണിക്കാതിരുന്നാൽ  വരുന്ന എല്ലാ തെരെഞ്ഞെടുപ്പുകളും ബഹിഷ്കരിക്കാനാണ് യോഗം തീരുമാനിച്ചിട്ടുള്ളത്.
അതിനായി പുലാമന്തോൾ പഞ്ചായത്തിലെ 23-ാം വാർഡ് നിവാസികളും, മൂർക്കനാട് പഞ്ചായത്തിലെ 7 -ാം  വാർഡ് നിവാസികളും ഒന്നിച്ചു നിന്ന് ഒപ്പ് ശേഖരണവും നടത്തി.

Leave a Reply

Your email address will not be published. Required fields are marked *