“ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗേ’ റിലീസ് ചെയ്തിട്ട് ഒക്ടോബര്‍ 20ന് മുപ്പതുവര്‍ഷം പൂര്‍ത്തിയാകുന്നു. ലോകസിനിമയില്‍ നിരവധി റെക്കോഡുകള്‍ കരസ്ഥമാക്കിയ ചിത്രമാണ് കജോള്‍-ഷാരൂഖ് കോമ്പോയില്‍ പിറന്ന “ഡിഡിഎല്‍ജെ’. മുപ്പതാം വാര്‍ഷികത്തില്‍ കജോള്‍ ചിത്രത്തെക്കുറിച്ചു പറഞ്ഞത് ആരാധകർ ഏറ്റെടുത്തു. “ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗേ’ ഒരിക്കലും പുനഃസൃഷ്ടിക്കാന്‍ കഴിയില്ലെന്ന് കജോള്‍. മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അനശ്വരപ്രണയകാവ്യത്തിലെ നായിക. “ഒരിക്കലും കഴിയില്ല. ആ മാന്ത്രികത പുനഃസൃഷ്ടിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നില്ല. ഇന്നു നിങ്ങള്‍ക്ക് ഡിഡിഎല്‍ജെ പോലൊരു സിനിമ നിര്‍മിക്കാം. പക്ഷേ അതൊരിക്കലും ഡിഡിഎല്‍ജെ ആകില്ല. നിങ്ങള്‍ കഥാപാത്രങ്ങള്‍, സാഹചര്യങ്ങള്‍ തുടങ്ങിയവ മാറ്റിയാലും, കഥയ്ക്ക് പുതിയകാലത്തിനും സമൂഹത്തിനും ചിന്തയ്ക്കും അനുസൃതമായി പൊരുത്തപ്പെടുത്തേണ്ടിവരും. അത് സിനിമയുടെ മുഴുവന്‍ ഭാഷയെയും മാറ്റും. ഇന്നത്തെ യുവതലമുറയ്ക്ക് ഈ ചിത്രം എത്രത്തോളം ഇണങ്ങുമെന്നതും ചര്‍ച്ചാവിഷയമാണ്. അക്കാലത്ത്, രണ്ട് എന്‍ആര്‍ഐ ജോഡികളുടെ കഥയുമായി ബോളിവുഡ് പ്രണയചിത്രങ്ങളെ പുനര്‍നിര്‍വചിച്ച ചിത്രമായിരുന്നു ‘ഡിഡിഎല്‍ജെ’. ഇപ്പോഴും അതിന് ആരാധകരുടെ ഒരു നിര തന്നെയുണ്ട്. ചിത്രത്തിലെ പാട്ടുകളും ഡയലോഗുകളുമെല്ലാം ചലച്ചിത്രാസ്വാദകര്‍ക്കു മനഃപ്പാഠമാണ്…'”തികഞ്ഞ സിനിമ എന്നൊന്നുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. പൂര്‍ണതയുള്ള സിനിമ എന്താണെന്ന് ആര്‍ക്കെങ്കിലും അറിയാമെന്ന് ഞാന്‍ കരുതുന്നില്ല! പക്ഷേ, ഇപ്പോഴും ചിത്രം കാണാന്‍ ധാരാളം പേര് എത്തുന്നു. കണ്ടവര്‍തന്നെ വര്‍ഷങ്ങളായി വീണ്ടുമെത്തുന്നു. ‘ഡിഡിഎല്‍ജെ’യുടെ മുപ്പതു വര്‍ഷം അതിശയകരമാണ്! അഭിനേതാക്കള്‍ ഒരു സിനിമയുടെ ജോലി പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍, അതിനെ സജീവമായി നിലനിര്‍ത്തുന്നത് പ്രേക്ഷകരാണ്. ആദിത്യ ചോപ്ര സംവിധാനം ചെയ്ത റൊമാന്റിക് ഡ്രാമയുടെ കാര്യത്തിലും അതാണ് സംഭവിച്ചത്…’മഞ്ഞുമൂടിയ സ്വിറ്റ്സര്‍ലന്‍ഡില്‍നിന്ന് പഞ്ചാബിലെ കടുകുപാടങ്ങളിലേക്കു നീളുന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ആദിത്യ ചോപ്രയെയാണ് ഇപ്പോഴും സജീവമായി നിലനില്‍ക്കുന്ന ചിത്രത്തിന്റെ മാസ്മരികതയ്ക്ക് കജോള്‍ പ്രശംസിച്ചത്.”സിനിമ നിര്‍മിക്കുന്ന വ്യക്തിയുടെ ബോധ്യം സിനിമ എങ്ങനെയായിരിക്കുമെന്നതുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഞാന്‍ കരുതുന്നു. ഇത് ബോധ്യത്തോടെയും അഭിനിവേശത്തോടെയും നിര്‍മിച്ചതാണ്. ആ രണ്ടു കാര്യങ്ങളും എല്ലായ്പ്പോഴും ക്യാമറയില്‍ മനോഹരമായി പ്രതിഫലിപ്പിക്കപ്പെടുന്നു എന്ന് ഞാന്‍ കരുതുന്നു…’ കജോൾ കൂട്ടിച്ചേർത്തു.
പുനഃസൃഷ്ടിക്കാൻ കഴിയാത്ത പ്രണയകാവ്യമാണ് “ഡിഡിഎല്‍ജെ’; ചിത്രത്തിന്റെ മുപ്പതാം വാര്‍ഷികത്തില്‍ കജോള്‍
