വിഷന്‍ 2031: ടൂറിസം വകുപ്പിന്റെ സെമിനാര്‍ ഒക്ടോബര്‍ 25 ന് കുട്ടിക്കാനത്ത്

വിഷന്‍ 2031 സംസ്ഥാനതല വിഷയാധിഷ്ഠിത സെമിനാറുകളുടെ ഭാഗമായി ഇടുക്കി ജില്ലയില്‍ ഒക്ടോബര്‍ 25 ന് കുട്ടിക്കാനത്ത് ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സെമിനാര്‍ നടക്കും. സെമിനാറിന് മുന്നോടിയായി കളക്ടറേറ്റില്‍ ചേര്‍ന്ന ആലോചനയോഗം ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ ഡോ.ദിനേശന്‍ ചെറുവാട്ട് അധ്യക്ഷത വഹിച്ചു. ടൂറിസത്തിന്റെ വളര്‍ച്ചയും ഭാവിയിലെ ടൂറിസവും ടൂറിസത്തിന്റെ വിവിധ മേഖലകളും സെമിനാറില്‍ ചര്‍ച്ചയാകും. എട്ടു പാനലിലായി 100 വിഷയവിദഗ്ദര്‍ സെമിനാറിന് നേതൃത്വം നല്കും. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. സെമിനാറിന്റെ കാര്യക്ഷമമായ നടത്തിപ്പിന് സെമിനാര്‍, പ്രോഗ്രാം, അക്കോമഡേഷന്‍, ഫുഡ്, പബ്ലിസിറ്റി, ട്രാഫിക്, തുടങ്ങി വിവിധ ഉപസമിതികളടങ്ങിയ സംഘാടക സമിതി രൂപികരിച്ചു. യോഗത്തില്‍ എം.എല്‍.എ.മാരായ എം.എം. മണി, എ. രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാംകുന്നേല്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹന്‍കുമാര്‍ എന്നിവര്‍ ഓണ്‍ലൈനായും ഇടുക്കി സബ് കളക്ടര്‍ അനൂപ് ഗാര്‍ഗ്, ടൂറിസം മന്ത്രിയെ പ്രതിനിധീകരിച്ചു ശബരീഷ് കുമാര്‍, ടൂറിസം വകുപ്പ് അഡിഷണല്‍ സെക്രട്ടറി ജഗദീഷ്, ടൂറിസം റീജ്യണൽ ജോയിന്റ് ഡയറക്ടര്‍സുബൈര്‍കുട്ടി, ജില്ലാ ആസൂത്രണസമിതി ഉപാധ്യക്ഷന്‍ സി. വി വര്‍ഗീസ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ഷൈന്‍ കെ.എസ്., ഡി.ടി.പി.സി സെക്രട്ടറി ജിതീഷ് ജോസ്, വിവിധ വകുപ്പ് മേധാവികള്‍ , കക്ഷി രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *