കുണ്ടന്നൂരിൽ സ്റ്റീൽ കമ്പനിയിൽ നിന്ന് തോക്ക് ചൂണ്ടി പണം കവർന്ന സംഭവത്തിൽ എറണാകുളത്തുള്ള അഭിഭാഷകനും ഒരു സ്ത്രീയും ഉൾപ്പെടെ ഏഴുപേർ അറസ്റ്റിലായി. ഇതിൽ അഭിഭാഷകനാണ് കേസിലെ പ്രധാന സൂത്രധാരൻ. കവർച്ച നടത്തുന്നതിനായി പ്രതികൾക്ക് വാഹന എത്തിച്ചു നൽകിയത് ഇയാളാണ്. കവർച്ച നടത്തിയ പണത്തിലെ 20 ലക്ഷം രൂപ കണ്ടുകിട്ടി.തൃശ്ശൂർ നാട്ടിക സ്വദേശി വിഷ്ണു, വടുതല സ്വദേശി നിഖിൽ നരേന്ദ്രൻ, ചേരാനല്ലൂർ സ്വദേശി ആസിഫ്,പള്ളുരുത്തി സ്വദേശി ബുഷറ എന്നിവർ നേരത്തെ പിടിയിലായിരുന്നു. കഴിഞ്ഞദിവസമാണ് മൂന്നരയോടെ എറണാകുളം കുണ്ടന്നൂരിൽ പ്രവർത്തിക്കുന്ന നാഷണൽ സ്റ്റീൽ കമ്പനിയിൽനിന്നും മുഖംമൂടി ധരിച്ച് എത്തിയ സംഘം തോക്ക് ചൂണ്ടി 81 ലക്ഷം രൂപ കവർന്നത്. സ്റ്റീൽ കമ്പനി ഉടമ സുബിൻ തോമസിന്റെ മുഖത്തേക്ക് മുളക് സ്പ്രേ അടിച്ച ശേഷമായിരുന്നു കവർച്ച. സംഭവത്തിൽ വടുതല സ്വദേശിയായ സജി എന്ന ആളെ കഴിഞ്ഞദിവസം തന്നെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
