“ചെന്നൈ/കാഞ്ചീപുരം: മധ്യപ്രദേശിൽ 14 കുട്ടികളുടെയും രാജസ്ഥാനിൽ രണ്ടു കുട്ടികളുടെയും മരണത്തിനിടയാക്കിയത് “കോൾഡ്രിഫ്’ എന്ന ചുമ സിറപ്പിന്റെ ഉപയോഗമാണെന്നു തെളിഞ്ഞതിനെത്തുടർന്ന്, നിർമാണക്കന്പനിക്കെതിരേ ഗുരുതര കണ്ടെത്തലുകൾ. തമിഴ്നാട് കാഞ്ചീപുരം ആസ്ഥാനമായുള്ള ശ്രേസൻ ഫാർമസ്യൂട്ടിക്കൽസിനെതിരേയുള്ള റിപ്പോർട്ടുകളിലാണ് അന്വേഷണസംഘത്തിന്റെ ഗുരുതര കണ്ടെത്തലുകളുള്ളത്.തമിഴ്നാട് ഡ്രഗ്സ് കൺട്രോൾ വകുപ്പ് നടത്തിയ പരിശോധനയിൽ കന്പനിക്കെതിരേ 350ലേറെ വീഴ്ചകളാണു കണ്ടെത്തിയത്. സ്ഥാപനത്തിന് അടിസ്ഥാന സൗകര്യങ്ങളും യോഗ്യതയുള്ള ജീവനക്കാരും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ശരിയായ നടപടിക്രമങ്ങളും ഇല്ലെന്നാണ് റിപ്പോർട്ടിലുള്ളത്. കോൾഡ്രിഫ് കഫ് സിറപ്പ് വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് നിർമിക്കുന്നതെന്ന് ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു. മോശം വായുസഞ്ചാരമാണു കന്പനിക്കെട്ടിടത്തിലുള്ളത്. ഭാഗികമായി തകരാറിലായതോ, തുരുമ്പിച്ചതോ ആണ് ഫാക്ടറിയിലെ ഉപകരണങ്ങൾ. ഫാർമ ഗ്രേഡ് ഇല്ലാത്ത രാസവസ്തുക്കളുടെ ഉപയോഗവും കണ്ടെത്തിയിട്ടുണ്ട്. ഇൻവോയ്സുകൾ ഇല്ലാതെ കമ്പനി 50 കിലോഗ്രാം പ്രൊപിലീൻ ഗ്ലൈക്കോൾ വാങ്ങിയതായി റിപ്പോർട്ടിലുണ്ട്. ബ്രേക്ക് ഫ്ലൂയിഡുകൾ, പെയിന്റുകൾ, പ്ലാസ്റ്റിക്കുകൾ എന്നിവയിൽ പലപ്പോഴും ഉപയോഗിക്കുന്ന ഉയർന്ന വിഷാംശമുള്ള വ്യാവസായിക ഉപയോഗത്തിനുള്ള ഡൈഎത്തിലീൻ ഗ്ലൈക്കോളിന്റെ (ഡിഇജി) അംശവും സിറപ്പിൽ കണ്ടെത്തി.പ്രൊപിലീൻ ഗ്ലൈക്കോൾ ഭക്ഷണത്തിലും സൗന്ദര്യവർധക വസ്തുക്കളിലും ഉപയോഗിക്കുന്ന താരതമ്യേന സുരക്ഷിതമായ രാസപദാർഥമാണെങ്കിലും, ചെറിയ അളവാണെങ്കിലും ഡൈഎത്തിലീൻ ഗ്ലൈക്കോൾ മനുഷ്യർക്ക് മാരകമാണ്. പരിശോധനയെത്തുടർന്ന്, ഒക്ടോബർ ഒന്നു മുതൽ തമിഴ്നാട് സർക്കാർ സംസ്ഥാനത്തുടനീളം കോൾഡ്രിഫ് കഫ് സിറപ്പിന്റെ വിൽപ്പന നിരോധിക്കുകയും വിപണിയിൽനിന്ന് നിലവിലുള്ള സ്റ്റോക്കുകൾ നീക്കം ചെയ്യാനും ഉത്തരവിട്ടിട്ടുണ്ട്.
കൊലയാളി കോൾഡ്രിഫ്’; കുട്ടികളുടെ ചുമ മരുന്നിൽ കണ്ടെത്തിയത് അതീവമാരക രാസവസ്തുക്കൾ
