കണ്ണൂര്‍: കൂളിക്കടവ്, പത്തായക്കല്ല്, വട്ടോളി, നീണ്ടുനോക്കി പാലങ്ങള്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിച്ചു. അഞ്ചരക്കണ്ടി പുഴയ്ക്ക് കുറുകെയുണ്ടായിരുന്ന വീതി കുറഞ്ഞ പഴയ പാലത്തിന് സമാന്തരമായി വീതി കൂടിയ കൂളിക്കടവ് പാലം 6.40 കോടി രൂപ ചെലവഴിച്ചാണ് നിര്‍മ്മിചിരിക്കുന്നത്. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ കെ കെ ശൈലജ എംഎല്‍എ അധ്യക്ഷയായി.കൂത്തുപറമ്പ് മണ്ഡലത്തിലെ തൃപ്രങ്ങോട്ടൂര്‍- കുന്നോത്തുപറമ്പ് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പത്തായക്കല്ല് പാലവും മന്ത്രി നാടിന് സമര്‍പ്പിച്ചു. കെ പി മോഹനന്‍ എംഎല്‍എ അധ്യക്ഷനായി. 2.28 കോടിയോളം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച പാലത്തിന് 21.20 മീറ്റര്‍ നീളവും ഇരുഭാഗങ്ങളിലും 1.50 മീറ്റര്‍ വീതിയില്‍ നടപ്പാതയുമുള്‍പ്പെടെ 11 മീറ്റര്‍ വീതിയാണുള്ളത്.വട്ടോളിപ്പുഴയ്ക്ക് കുറുകെ 8.06 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച വട്ടോളിപ്പാലവും 3.7 കോടി ചിലവിട്ട് നവീകരിച്ച് മെക്കാഡം ടാറിങ്ങ് നടത്തിയ ചിറ്റാരിപ്പറമ്പ്- വട്ടോളി കോയ്യാറ്റില്‍ റോഡും മന്ത്രി മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു. കെ കെ ശൈലജ എംഎല്‍എയാണ് അധ്യക്ഷത വഹിച്ചത്. വട്ടോളിപ്പുഴ റോഡില്‍ നിന്ന് ആരംഭിക്കുന്ന പുതിയ പാലം അക്കര വട്ടോളി കോയ്യാറ്റില്‍ റോഡിലാണ് അവസാനിക്കുക.
ഒരു ദിവസം തന്നെ നാല് പാലങ്ങള്‍ നാടിന് സമർപ്പിച്ച് പൊതുമരാമത്ത് വകുപ്പ്
