കോട്ടയം വൈക്കം മഹാദേവക്ഷേത്രത്തിൽ വഴിപാടായി നൽകിയ സ്വർണത്തിൽ 255.83 ഗ്രാം സ്വർണത്തിന്റെ കുറവ് കണ്ടെത്തി. 2020- 21 വർഷത്തിലെ രജിസ്റ്ററുകൾ സംസ്ഥാന ഓഡിറ്റ് വകുപ്പ് പരിശോധിച്ചപ്പോഴാണ് 255 ഗ്രാം സ്വർണം കാണാതായതു മനസ്സിലായത് . ഈ ഓഡിറ്റ് റിപ്പോർട്ട് കഴിഞ്ഞവർഷം നവംബറിൽ ഹൈക്കോടതിയിൽ സമർപ്പിച്ചതാണ്. വൈക്കം മഹാദേവ ക്ഷേത്രത്തിൽ ഭക്തർ സ്വർണ്ണം, വെള്ളി ഉരുപ്പടികൾ വഴിപാട് ആയി നൽകാറുണ്ട്.ഇങ്ങനെ ലഭിക്കുന്ന ആഭരണങ്ങൾ ആദ്യം രജിസ്റ്ററിൽ രേഖപ്പെടുത്തുകയും അതിനു ശേഷം പൊതിഞ്ഞ് സ്ട്രോങ്ങ് റൂമിലേക്ക് മാറ്റുകയാണ് പതിവ്. ആകെ 199 സ്വർണ പൊതികളാണ് ക്ഷേത്രത്തിൽ ഉണ്ടായിരുന്നത്. രജിസ്റ്റർ രേഖപ്പെടുത്തിയിരുന്ന സ്വർണത്തിന്റെ ആകെ അളവ് 3247. 9 ഗ്രാം ആയിരുന്നു. എന്നാൽ സ്ട്രോങ്ങ് റൂമിൽ പരിശോധന നടത്തിയപ്പോൾ 2992.07 ഗ്രാം സ്വർണ്ണം മാത്രമാണ് ഉണ്ടായിരുന്നത്. ഇത് പ്രകാരമാണ് 255. 83 ഗ്രാമിന്റെ കുറവ് സ്ഥിരീകരിച്ചത്. ഇക്കാര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇതുവരെ ഒരു വിശദീകരണവും നൽകിയിട്ടില്ല.
വൈക്കം മഹാദേവ ക്ഷേത്രത്തിലും സ്വർണ്ണവിവാദം ;ഭകതർ വഴിപാടായി നൽകിയ സ്വർണ്ണത്തിൽ 255 ഗ്രാം സ്വർണ്ണം കുറവ് കണ്ടെത്തി
