രാവണപ്രഭു വീണ്ടും ബിഗ്സ്ക്രീനിൽ നിറഞ്ഞാടിയിരിക്കുകയാണ്. റീ റിലീസ് ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുത്തത്. 24 വർഷങ്ങൾക്കിപ്പുറവും മംഗലശേരി നീലകണ്ഠനും കാർത്തികേയനും ഇന്നും മലയാളികൾക്ക് അടങ്ങാത്ത ആവേശമാണ് എന്ന് തീയറ്ററുകളിലെ ആരവങ്ങളിൽ നിന്നും മനസിലാക്കാം. 4K അറ്റ്‌മോസില്‍ ഇന്നലെയാണ് ചിത്രം റീ റിലീസ് ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ഡേ കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത്.ആദ്യ ദിവസം തിയേറ്ററിൽ നിന്ന് 70 ലക്ഷമാണ് ചിത്രം നേടിയത്. വരും ദിവസങ്ങളിൽ സിനിമയുടെ കളക്ഷൻ ഇതിലും ഉയരാനാണ് സാധ്യത. ഗംഭീര ബുക്കിംഗ് ആണ് സിനിമയ്ക്ക് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. രഞ്ജിത്ത് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രത്തിലെ ജനപ്രിയരായ മംഗലശ്ശേരി നീലകണ്ഠനും കാര്‍ത്തികേയനും മുണ്ടക്കല്‍ ശേഖരനുമൊക്കെ പ്രേക്ഷകരുടെ എക്കാലത്തേയും ജനപ്രിയ കഥാപാത്രങ്ങളാണ്. 2001 ഒക്ടോബർ 5നായിരുന്നു ചിത്രത്തിന്റെ ആദ്യ റിലീസ്. 1993-ൽ പുറത്തിറങ്ങിയ ദേവാസുരം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ സീക്വലായി എത്തിയ ചിത്രം വൻ വിജയമായിരുന്നു.
മംഗലശേരി നീലകണ്ഠന്റെയും കാർത്തികേയന്റെയും രണ്ടാം വരവും ഏറ്റെടുത്ത് ആരാധകർ
