സി.എച്ച്. സ്മാരക വിദ്യാഭ്യാസ പുരസ്‌കാരം ഹിലാല്‍ ബാബുവിന്

തിരുവനന്തപുരം : കേരളത്തിലെ വിദ്യാഭ്യാസ നവോത്ഥാനത്തിന് നാന്ദികുറിച്ച് വിദ്യാഭ്യാസവകുപ്പ് മന്ത്രിയായി സുദീര്‍ഘ സേവനമനുഷ്ഠിച്ച മുന്‍ മുഖ്യമന്ത്രി സി.എച്ച്.മുഹമ്മദ് കോയ സാഹിബിനെ സ്മരണാര്‍ത്ഥമുള്ള സി.എച്ച്. വിദ്യാഭ്യാസ സേവന പുരസ്‌ക്കാരത്തിന് കായംകുളം എം.എസ്.എം ട്രസ്റ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സെക്രട്ടറിയും മുന്‍ ധനകാര്യ മന്ത്രിയുമായിരുന്ന ജന. പി.കെ. കുഞ്ഞു സാഹിബിന്റെ പുത്രനുമായ പി.എ.ഹിലാല്‍ ബാബുവിനെ തിരഞ്ഞെടുത്തിരിക്കുന്നതായി സി.എച്ച്. സ്മാരക സമിതി പ്രസിഡന്റ്കരമന ബയാറും, ജനറല്‍ സെക്രട്ടറി മുഹമ്മദ് ബഷീറും അറിയിച്ചിരിക്കുന്നു. കുഞ്ഞു സാഹിബിന്റെ ജീവിച്ചിരിക്കുന്ന ഏക പുത്രനായ ഹിലാല്‍ ബാബു അഭിഭാഷകനാണ്, ഭാര്യ രഹ്ന ടീച്ചര്‍ മകള്‍ ജമീല ബീവിയുമാണ്. മുന്‍ പ്രവാസികാര്യ മന്ത്രി എം.എം.ഹസ്സന്‍ ചെയര്‍മാനും, സി.പി.ഐ. നേതാവ് പന്ന്യൻ രവീന്ദ്രന്‍ എക്‌സ്.എം.പിയും മുസ്ലീംലീഗ് ജില്ലാ പ്രസിഡന്റ് ബീമാപള്ളി റഷീദ് അംഗവുമായുള്ള കമ്മിറ്റിയാണ് അവാര്‍ഡ്‌ ജേതാവിനെ തിരഞ്ഞെടുത്തത്. 25,000 രൂപയും പ്രശംസാ പത്രവും പൊന്നാടയും പുരസ്‌കാര ശില്‍പവും, നവംബര്‍ 1 ന് തിരുവനന്തപുരം മസ്‌ക്കറ്റ്‌ ഹോട്ടലിലെ സിംഫണി ഹാളില്‍ സ്മാരക സമിതി ചെയര്‍മാനും മുന്‍ മന്ത്രിയും സി.എച്ചി.ന്റെ പുത്രനുമായ ഡോ. എം.കെ.മുനീര്‍ എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് നല്‍കി ആദരിക്കുന്നതാണ്. പ്രമുഖവ്യക്തികള്‍ ആശംകള്‍ നേരുന്നു . മുസ്ലീം ജമാഅത്ത് കൗൺസിൽ യു .എ.ഇ. പ്രസിഡന്റും പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനുമായ അഡ്വ.സിറാജുദ്ദീന്‍ പെര്‍ഫക്ട്‌, സംസ്ഥാന മലിനീകരണ ബോര്‍ഡ് അദ്ധ്യക്ഷനായിരുന്ന സരസ്വതി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷൻസിന്റെ ചെയര്‍മാനുമായ ഡോ.ജി.രാജ്‌മോഹന്‍, അനാഥ സംരക്ഷണത്തിന്റെ അഖിലേന്ത്യാ സമ്മാനജേതാവും പത്തനാപുരം ഗാന്ധിഭവന്‍ ഇന്റർനാഷണല്‍ ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറിയുമായ ഡോ.പുനലൂര്‍ സോമരാജന്‍ എന്നിവരാണ് മുന്‍ വര്‍ഷങ്ങളിലെ സി.എച്ച്. സ്മാരക സമിതി അവാര്‍ഡ് ജേതാക്കള്‍.

Leave a Reply

Your email address will not be published. Required fields are marked *