കോട്ടയം: തൃക്കൊടിത്താനം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ ‘ചിരസ്മരണ’ എന്ന പേരിൽ നിർമിച്ച മൾട്ടി പർപ്പസ് ഹാളിന്റെ ഉദ്ഘാടനം ഒക്ടോബർ 11 (ശനിയാഴ്ച) ഉച്ചകഴിഞ്ഞ് മൂന്നിന് സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. ത്രിതല പഞ്ചായത്ത് സംയുക്ത ബഹുവർഷ പദ്ധതിയിലൂടെ 1.12 കോടി രൂപ വകയിരുത്തിയാണ് ഹാൾ നിർമിച്ചത്. ജില്ലാപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ 1.40 കോടി രൂപ വകയിരുത്തി ജില്ലയിലെ 22 സ്‌കൂളുകളിൽ സജ്ജമാക്കിയ ആധുനിക സയൻസ് ലാബുകളുടെ ജില്ലാതല ഉദ്ഘാടനവും ജില്ലാപഞ്ചായത്ത് വിവിധ വാർഷിക പദ്ധതികളിൽ ഒരുകോടി രൂപ വകയിരുത്തി നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പുമന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും.അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഹേമലത പ്രേംസാഗർ മുഖ്യപ്രഭാഷണം നടത്തും.തൃക്കൊടിത്താനം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്‌കൂളിൽ4200 ചതുരശ്ര അടിയുള്ള ഹാൾ 2018-19 കാലയളവിൽ മുൻ ജില്ലാ പഞ്ചായത്തംഗം വി.കെ. സുനിൽകുമാർ മുൻകൈ എടുത്താണ് നിർമാണം ആരംഭിച്ചത്. ജില്ലാ പഞ്ചായത്തിൽ നിന്ന് മുൻവർഷങ്ങളിൽ അനുവദിച്ച 30 ലക്ഷം രൂപയും മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ നിന്നുള്ള 10 ലക്ഷം രൂപയും തൃക്കൊടിത്താനം ഗ്രാമപഞ്ചായത്തിൽ നിന്നുള്ള 17 ലക്ഷവും ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ മഞ്ജു സുജിത്തിൻറെ നിർദേശം പരിഗണിച്ച് ജില്ലാപഞ്ചായത്ത് ഫണ്ടിൽ നിന്നനുവദിച്ച 55 ലക്ഷം രൂപയും വിനിയോഗിച്ചാണ് നിർമാണം പൂർത്തീകരിച്ചത്.
തൃക്കൊടിത്താനം ജി.എച്ച്.എസ്.എസിലെ മൾട്ടി പർപ്പസ് ഹാൾ ഉദ്ഘാടനം ശനിയാഴ്ച
