ചെന്നൈ: തമിഴ്നാട്ടിലെ കരൂരിൽ സെപ്തംബർ 27ന് തിക്കിലും തിരക്കിലും ഉണ്ടായ ദുരന്തം സംബന്ധിച്ച പ്രശ്നം നിയമസഭയിലും. ദുരന്തത്തിന് കാരണം നടൻ വിജയ്യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) ആണെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഇന്ന് നിയമസഭയിൽ പറഞ്ഞു. സംഭവത്തിൽ 41 പേർ ആണ് മരിച്ചത്. അതേസമയം പരിപാടിയിലെ സമയക്രമീകരണത്തിലുണ്ടായ ഗുരുതര പിഴവാണ് ദുരന്തത്തിന് കാരണമായതെന്നാണ് സ്റ്റാലിൻ ആരോപിച്ചത്. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് തുടങ്ങി അഞ്ച് മണിക്കൂർ നീളുന്ന പരിപാടിയാണ് പ്രതീക്ഷിക്കുന്നതെന്നാണ് പൊലീസിനെ അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് വിജയ് ഉച്ചയ്ക്ക് 12 മണിയോടെ വേദിയിൽ എത്തുമെന്ന് പാർട്ടി അറിയിച്ചതോടെ പൊലീസിന് സുരക്ഷാ ക്രമീകരണങ്ങൾ മാറ്റേണ്ടി വന്നു. എന്നാൽ വിജയ് എത്തിയത് ഏഴ് മണിക്കൂർ വൈകിയാണെന്നും ഇത് ആളുകളുടെ തിരക്ക് വർദ്ധിപ്പിക്കുകയും നടൻ സഞ്ചരിച്ച ബസ് പോലും മുന്നോട്ട് പോകാനാകാത്ത അവസ്ഥ സൃഷ്ടിക്കുകയും ചെയ്തുവെന്നും സ്റ്റാലിൻ ആഞ്ഞടിച്ചു. ടിവികെ സംഘാടകരെയും സ്റ്റാലിൻ രൂക്ഷമായി വിമർശിച്ചു. കുടിവെള്ളം, സ്ത്രീകൾക്കായി മതിയായ ശുചിമുറികൾ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ ടിവികെ പരാജയപ്പെട്ടു എന്നും സ്റ്റാലിൻ ആരോപിച്ചു.
