ന്യൂഡൽഹി: റഷ്യൻ സൈന്യത്തിൽ ചേരാനുള്ള വാഗ്ദാനത്തിൽ വീഴരുതെന്ന് വിദേശകാര്യ മന്ത്രാലയം. റഷ്യയിലേക്ക് പോയ ഇന്ത്യക്കാരിൽ പലർക്കും യുക്രെയിൻ യുദ്ധത്തിൽ റഷ്യൻ സൈന്യത്തിൻറെ ഭാഗമാകേണ്ടിവരുന്നു എന്ന മാധ്യമ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ഈയടുത്ത് റഷ്യൻ സൈന്യത്തിലേക്ക് ഇന്ത്യൻ പൗരന്മാർ റിക്രൂട്ട് ചെയ്യപ്പെടുന്നതിനെ കുറിച്ചുള്ള റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെക്കുറിച്ചും വിഷമതകളെ കുറിച്ചും കഴിഞ്ഞ ഒരു വർഷത്തിനിടെ പലവട്ടം സർക്കാർ ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണെന്നും വിദേശകാര്യ സെക്രട്ടറി രൺന്ദീപ് ജയ് സ്വാൾ സാമൂഹ്യ മാധ്യമമായ എക്സ്ൽ പങ്കുവെച്ച പ്രസ്താവനയിൽ അറിയിച്ചു. ഈ നടപടി അവസാനിപ്പിക്കണമെന്നും ഇന്ത്യൻ പൗരന്മാരെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഡൽഹിയിലെയും മോസ്കോയിലെയും റഷ്യൻ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.ബാധിക്കപ്പെട്ട ഇന്ത്യൻ പൗരന്മാരുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വളരെ അപകടം നിറഞ്ഞ വഴി ആയതിനാൽ റഷ്യൻ സൈന്യത്തിൽ ചേരാനുള്ള ഏതു വാഗ്ദാനത്തിൽ നിന്നും ഒഴിഞ്ഞുമാറണമെന്ന് ഇന്ത്യൻ പൗരന്മാരോട് വീണ്ടും അഭ്യർത്ഥിക്കുന്നതായി അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു.
ഇന്ത്യൻ പൗരന്മാർ റഷ്യൻ സൈന്യത്തിൽ ചേരുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം
