ദോഹ: ഇന്ത്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയൽ ഖത്തറിലെത്തി. അംബാസഡർ വിപുലിന്റെ നേതൃത്വത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു. ഖത്തർ വാണിജ്യമന്ത്രിയുമായി അദ്ദേഹം ചർച്ച നടത്തും. ഇരുരാഷ്ട്രങ്ങളിലെയും ബിസിനസ് സമൂഹവുമായും കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട് ഇരുരാഷ്ട്രങ്ങളും തമ്മിൽ നടക്കുന്ന ചർച്ചകൾ ഏറെ പുരോഗമിച്ച ഘട്ടത്തിലാണ് പിയൂഷ് ഗോയൽ ദോഹയിലെത്തുന്നത്. വ്യാപാര കരാറിന്റെ പരിശോധനാ വിഷയങ്ങൾ സന്ദർശനത്തിൽ തീർപ്പാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഖത്തർ വാണിജ്യ വ്യവസായ മന്ത്രി ശൈഖ് ഫൈസൽ ബിൻ ഥാനി ബിൻ ഫൈസൽ അൽഥാനിയുമായുള്ള കൂടിക്കാഴ്ചയാണ് സന്ദർശനത്തിൽ പ്രധാനപ്പെട്ടത്. ദോഹയിൽ നടക്കുന്ന ഇന്ത്യ-ഖത്തർ സംയുക്ത ബിസിനസ് കൗൺസിൽ യോഗത്തെ ഇരു മന്ത്രിമാരും അഭിസംബോധന ചെയ്യും.ഖത്തർ ചേംബറിലെയും ഖത്തർ ബിസിനസ് അസോസിയേഷനിലെയും പ്രമുഖരുമായി പിയൂഷ് ഗോയൽ ചർച്ച നടത്തും. ഇന്ത്യൻ ബിസിനസ് സമൂഹവുമായും അദ്ദേഹം ആശയവിനിമയം നടത്തുന്നുണ്ട്. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി, കോൺഫഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി, അസോചം തുടങ്ങിയ ബിസിനസ് കൂട്ടായ്മകളിലെ പ്രതിനിധികൾ മന്ത്രിയെ അനുഗമിക്കുന്നുണ്ട്.
സ്വതന്ത്ര വ്യാപാര കരാർചർച്ചകൾക്കായി കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയൽ ഖത്തറിൽ
