ഖത്തറിലെ പ്രധാന ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാൻ ഡ്രോൺ ആക്രമണം: ആളപായമില്ല

ദോഹ: ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം വ്യാപകമായതോടെ ഖത്തർ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് തിങ്കളാഴ്ചയും ആക്രമണമുണ്ടായി. രാവിലെ ഖത്തറിലെ ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാന്റെ രണ്ട് ഡ്രോൺ ആക്രമണങ്ങളാണ് ഉണ്ടായത്.മിസൈദിലെ പവർ പ്ലാന്റിലെ വാട്ടർ ടാങ്കിനെയും റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ ഖത്തർ എനർജിയുടെ ഊർജ്ജ കേന്ദ്രത്തെയുമാണ് ഡ്രോണുകൾ ലക്ഷ്യമിട്ടതെന്ന് പ്രതിരോധ മന്ത്രാലയം വിശദീകരിച്ചു. എന്നാൽ, രാജ്യത്തെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തന്നെ വ്യോമ പ്രതിരോധ സംവിധാനം തകർത്തു. ആക്രമണത്തിൽ ആർക്കും പരിക്കേൽക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തിട്ടില്ല.ആളപായമില്ലെന്നും ആക്രമണം മൂലമുണ്ടായ മറ്റ് നാശനഷ്ടങ്ങൾ ബന്ധപ്പെട്ട അതോറിറ്റികൾ പരിശോധിച്ച് വിലയിരുത്തുമെന്നും അധികൃതർ പറഞ്ഞു. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രസ്താവന പിന്നീട് പുറത്തിറക്കും. രാജ്യത്തെ പൗരന്മാരും താമസക്കാരും സന്ദർശകരും ശാന്തരായി തുടരണമെന്നും സുരക്ഷാ അതോറിറ്റിയുടെ നിർദേശങ്ങൾ പാലിക്കണമെന്നും അഭ്യൂഹങ്ങൾ ഒഴിവാക്കണമെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രമേ വിശ്വസിക്കാവൂയെന്നും മന്ത്രാലയം ഓർമപ്പെടുത്തി.ഇതിനിടെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെയും മെസൈദ് ഇൻഡസ്ട്രിയൽ സിറ്റിയിലെയും ഊർജ സംഭരണ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടന്ന സൈനികാക്രമണങ്ങളെ തുടർന്ന് ദ്രവീകൃത പ്രകൃതിവാതകത്തിന്റെ (LNG) ഉൽപാദനം താൽക്കാലികമായി നിർത്തിയതായി ഖത്തർ എനർജി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *