പീരുമേട് : ഹർത്താൽ ദിനത്തിൽ പരിമിതമായ സൗകര്യങ്ങളിൽ പീരുമേട് താലൂക്ക് ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയ വിജയകരം. താലൂക്ക് ആശുപത്രിയിലെ എല്ല് രോഗ വിദഗ്ധൻ ഡോ. വി. അജയറാം, അനസ്തേഷ്യ സ്പെഷ്യലിസ്റ്റ് ഡോ ടോം ജോർജ് എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. കുമളിസി.എച്ച്.സിയിലെ ജീവനക്കാരി സജിന (50) യുടെ കൈക്കുഴയ്ക്ക് വീണ് ഒടിവ് സംഭവിച്ചിരുന്നു. രണ്ടു മൂന്ന് സ്ഥലങ്ങളിൽ സംഭവിച്ച ഒടിവ് പ്ലേറ്റ് ,സ്ക്രൂ, കെ വയർ എന്നിവ ഉപയോഗിച്ച് പൂർവസ്ഥിതിയിലാക്കി .പീരുമേട് താലൂക്ക് ആശുപത്രിയിലെ പരിമിതമായ സൗകര്യങ്ങൾ ഉപയോഗിച്ച് ആണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. കഴിഞ്ഞ നാലു വർഷത്തിനിടയിൽ രോഗിയെ മയക്കിയുള്ള ശസ്ത്രക്രിയ ഇവിടെ നടത്തിയിരുന്നില്ല.ഒരാഴ്ചത്തെ നിരീക്ഷണത്തിനുശേഷം രോഗിയെ ഇന്ന് ഡിസ്ചാർജ് ചെയ്യും.ഡോക്ടർമാരോടൊപ്പം നേഴ്സിങ് ഓഫീസർമാരായ എം .സുബിത, തമിഴ് സെൽവി, നേഴ്സിംഗ് അസിസ്റ്റൻ്റ് ജോസ് ലിൻ , അറ്റൻഡർ പി. എസ്. പ്രീതി എന്നിവരും പങ്കാളികളായി. ജീവനക്കാരുടെ കൂട്ടായ്മയുടെ ഫലമാണ് പരിമിതമായ സൗകര്യങ്ങളിലും ശസ്ത്രക്രിയ വിജയകരമാക്കാൻ സാധിച്ചതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. അശീഷ് മോഹൻ പറഞ്ഞു.
പീരുമേട് താലൂക്ക് ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയ വിജയകരം
