പീരുമേട്:ഏലപ്പാറ സെമിനി വാലി എസ്റ്റേറ്റിലെ ചെമ്മണ്ണ് ഡിവിഷനിൽ നിന്നുള്ള കുടുംബങ്ങളെ ഒഴിപ്പിക്കാൻ കോടതി ഉത്തരവുമായി എത്തിയ ഉദ്യോഗസ്ഥർക്ക് പ്രദേശവാസികളുടെ എതിർപ്പിനെ തുടർന്ന് പിൻവാങ്ങേണ്ടി വന്നു.വർഷങ്ങളായി താമസിച്ചിരുന്ന ഭൂമി എസ്റ്റേറ്റിന്റേതാണെന്ന കോടതി വിധിയെ തുടർന്ന് കുടുംബങ്ങളെ കുടിയിറക്കാൻ ഉദ്യോഗസ്ഥരെത്തിയത്.കുടുംബനാഥന്റെ ആത്മഹത്യാ ഭീഷണിയെയും യൂണിയൻ നേതാക്കളുടെ ഇടപെടലിനെയും തുടർന്ന് ഉദ്യോഗസ്ഥർക്ക് മടങ്ങേണ്ടി വന്നു.32 കുടുംബങ്ങളാണ് കുടിയിറക്ക് പട്ടികയിലുള്ളത്. ഇതിൽ മൂന്ന് കുടുംബങ്ങളെ കുടിയിറക്കാനാണ് പോലീസ് അകമ്പടിയോടെ ഉദ്യോഗസ്ഥർ എത്തിയത്.താമസിക്കുന്ന സ്ഥലത്തിനും വീടിനും കരം അടയ്ക്കുന്ന പട്ടയ ഭൂമിയിൽ താമസിക്കുന്നവരെയാണ് കുടിയിറക്കാൻ കോടതി ഉത്തരവിട്ടത്. ഈ വിവരം കുടുംബങ്ങൾ രാവിലെയാണ് അറിഞ്ഞത്.ലൈഫ് മിഷൻ പദ്ധതി പ്രകാരം വീട് ലഭിച്ച പല കുടുംബങ്ങളും പഞ്ചായത്തിൽ നിന്നുള്ള രേഖകൾ പരിശോധിച്ച് അർഹരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.കോടതി വിധി നടപ്പാക്കണമെന്നും കുടിയിറക്കാനുള്ള കുടുംബങ്ങൾക്ക് അപ്പീൽ നൽകാനുള്ള അവസരമുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.
തോട്ടം തൊഴിലാളികളെ കുടിയിറക്കാൻ ശ്രമം പ്രദേശവാസികൾ തടഞ്ഞു
