കടുത്തുരുത്തി : ഐഎച്ച്ആർഡിയുടെ കോളജ് ഓഫ് അപ്ലൈഡ് സയൻസസിൽ ദശപുഷ്പോദ്യാനത്തിന്റെ നിർമാണ ഉദ്ഘാടനം കടുത്തുരുത്തി കൃഷി ഓഫിസർ സത് മ എം സി നിർവഹിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ.എസ്. സിന്ധു അധ്യക്ഷത വഹിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ രേവതി എസ്, ഭൂമിത്ര സേന കോർഡിനേറ്റർ ശ്രീ മാത്യൂസ് എം, വോളന്റീയർ സെക്രട്ടറി അജേഷ് കെ സന്തോഷ്, ഭൂമിത്രസേന സ്റ്റുഡന്റ് കോർഡിനേറ്റർ അശ്വിൻ അശോക് എന്നിവർ പ്രസംഗിച്ചു.പഞ്ചായത്തിന്റെയും കോളജ് വിദ്യാർഥികളുടെയും ജീവനക്കാരുടെയും സഹകരണത്തോടെ കോളജ് വളപ്പിലാണ് ദശപുഷ്പോദ്യാനം രൂപകൽപന ചെയ്തിട്ടുള്ളത്. അടുത്ത ഘട്ടമായി ഇതിനെ സമ്പൂർണ ഔഷധോദ്യാനമാക്കി മാറ്റുമെന്ന് പ്രിൻസിപ്പിൽ പറഞ്ഞു. ഒന്നിനൊന്ന് ഔഷധഗുണമുള്ള മുക്കുറ്റി, കറുക, കയ്യുണ്യം, കൃഷ്ണകാന്തി, മുയൽ ചെവിയൻ,തിരുതാളി, ചെറൂള, നിലപ്പന, പൂവാംകുരുന്നില, ഉഴിഞ്ഞ എന്നീ പൗരാണിക സസ്യങ്ങളാണ് ദശപുഷ്പങ്ങൾ എന്നറിയപ്പെടുന്നത്. പുരാണേതിഹാസങ്ങളിലും ആയുർവേദത്തിന്റെ ആധികാരിക ഗ്രന്ഥങ്ങളിലും ഇവയെക്കുറിച്ച് അനേകം പരാമർശങ്ങളുണ്ട്. ഇവയെല്ലാം ഒന്നിലേറെ രോഗങ്ങൾക്കുള്ള ഔഷധമായി ഉപയോഗിച്ചു വരുന്നു.ഓരോന്നിന്റെയും ഔഷധഗുണങ്ങൾ കൃഷിഓഫീസർ വിശദീകരിച്ചു ഇവയിൽ പശ്ചിമ ഘട്ടത്തിലെ പ്രത്യേക കാലാവസ്ഥയിൽ മാത്രം കണ്ടുവരുന്ന കൃഷ്ണകാന്തി നാട്ടിലെ കാലാവസ്ഥയിൽ വളരുന്നതിന് അതീവ ശ്രദ്ധയോടെയുള്ള പരിചരണം ആവശ്യമാണെന്ന് കൃഷി ഓഫിസർ പറഞ്ഞു.അടുത്ത രണ്ട് വർഷത്തിനുള്ളിൽ സസ്യശാസ്ത്ര ഗവേഷകർക്കും ആയുർവേദ വിദ്യാർഥികൾക്കും നാട്ടുവൈദ്യന്മാർക്കും ഉപകാരപ്രദമായ വിധം വിപുലമായ ഔഷധോദ്യാനം നിർമിക്കുകയാണ് ലക്ഷ്യമെന്നും ഇതിന് വനം, കൃഷി വകുപ്പുകളുടെയും ഗവേഷകരുടെയും സഹായം പ്രതീക്ഷിക്കുന്നതായും കോളജ് അധികൃതർ പറഞ്ഞു.
കടുത്തുരുത്തി ഐച്ച്ആർഡി കോളജിൽദശപുഷ്പോദ്യാനം നിർമ്മിച്ചു
