കോതമംഗലം : തിരുവനന്തപുരം കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റിന്റെ കലാനിധി ശ്രീ ഉമാ മഹേശ്വരത്തപ്പൻ മാധ്യമ പുരസ്‌കാരം പത്ര പ്രവർത്തകനും, കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിൾ സി അലക്സിന് സമ്മാനിച്ചു. തിരുവനന്തപുരം ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവ്വതി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നടനും, എഴുത്തുകാരനും, കേരള ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ ആണ് പുരസ്‌കാരം സമ്മാനിച്ചത് . ചലച്ചിത്ര സംവിധായകൻ കെ. മധു, നേമം പുഷ്പരാജ്, പിന്നണി ഗായിക പ്രൊഫ.എൻ ലതിക, കലാനിധി ട്രസ്റ്റ് ചെയര്പേസൻ ഗീത രാജേന്ദ്രൻ തുടങ്ങി രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, സാഹിത്യ മേഖലയിലെ നിരവധിപേർ ചടങ്ങിൽ പങ്കെടുത്തു.ഈ വർഷം സിൽവർ ജൂബിലി ആഘോഷിക്കുന്ന കലാനിധി ട്രസ്റ്റ്, സമഗ്ര വാർത്ത റിപ്പോർട്ടിങ്ങിനാണ് എബിളിനെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്.കർണാടക സംഗീതഞ്ജനും, സ്വാതി തിരുന്നാൾ സംഗീത കോളേജ് മുൻ പ്രിൻസിപ്പലുമായിരുന്ന പ്രൊഫ. പി. ആർ. കുമാര കേരളവർമ്മ,പ്രമോദ് പയ്യന്നൂർ, കെ. ആർ പത്മകുമാർ, ചലച്ചിത്ര നിർമ്മാതാവ് കിരീടം ഉണ്ണി, ചലച്ചിത്ര സംഗീത സംവിധായകൻ മോഹൻ സിത്താര, ഹാബിറ്ററ്റ് ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ ജി ശങ്കർ, പശ്ചിമ ബംഗാൾ ഗവ. സെക്രട്ടറി ഡോ. പി. ബി. സലിം ബാവ,മുൻ ഡി ജി പി ആർ ശ്രീലേഖ ഐ പി എസ്,കലാനിധി ട്രസ്റ്റ് ചെയര്പേസൻ ഗീത രാജേന്ദ്രൻ, പ്രൊഫ. കെ. ജെ. രാമഭായ് എന്നിവർ അടങ്ങിയ ജൂറി കമ്മിറ്റിയാണ് പുരസ്കാരത്തിനായി പരിഗണിച്ചത്.
ചിത്രം : കലാനിധി ശ്രീ ഉമാ മഹേശ്വരത്തപ്പൻ മാധ്യമ പുരസ്‌കാരം കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേം കുമാർ ഏബിൾ സി അലക്സിന് സമ്മാനിക്കുന്നു. പ്രൊഫ.പി. ആർ.കുമാര കേരള വർമ്മ, പ്രൊഫ. എൻ ലതിക,ഗീത രാജേന്ദ്രൻ എന്നിവർ സമീപം