വൈക്കം: ജീവിതത്തെ ലഹരിയാക്കി മാറ്റി കൃത്രിമ ലഹരി പദാർത്ഥങ്ങളോട് വിട പറയുവാൻ പുതുതലമുറയെ പ്രാപ്തമാക്കുവാൻ സമൂഹത്തിന് ഉത്തരവാദിത്വമുണ്ടെന്ന് എൻ എസ് എസ് വൈക്കം യൂണിയൻ ചെയർമാൻ പി ജി എം നായർ കാരിക്കോട് പറഞ്ഞു. എൻ എസ് എസ് ജനറൽ സെക്രട്ടറിയുടെ ആഹ്വാനം അനുസരിച്ച് നടത്തിയ ലഹരി വിരുദ്ധ പ്രചരണ പരിപാടിയുടെ താലുക്ക് തല ഉദ്ഘാടനം 958-ാം നമ്പർ ഉദയനാപുരം തെക്കേമുറി എൻ എസ് എസ് കരയോഗത്തിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്നം നവോത്ഥാന സൂര്യൻ പരിപാടിയുടെ ഭാഗമായി ലഹരി വിരുദ്ധ പ്രചരണ പ്രവർത്തനം തുടർ സംവിധാനമായി ക്രമീകരിക്കുമെന്ന് പി ജി.എം നായർ അറിയിച്ചു. പത്താം വയസ്സിൽ വേമ്പനാട് കായൽ ഇരു കൈകാലുകളും കെട്ടി ഏഴ് കിലോമീറ്റർ നീന്തി കടന്ന് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡിൽ സ്ഥാനം നേടിയ ആർ അനന്തകൃഷ്ണനെ യോഗത്തിൽ അനുമോദിക്കുകയും ഉപഹാരം സമർപ്പിക്കുകയും ചെയ്തു. യൂണിയൻ സെക്രട്ടറി അഖിൽ ആർ നായർ ലഹരി വിരുദ്ധ സന്ദേശം നൽകി. കരയോഗം പ്രസിഡൻ്റ് ജി വി കെ നായർ അധ്യക്ഷത വഹിച്ചു. അയ്യേരി സോമൻ, എസ് മുരുകേശ്, രവികുമാർ, ഇടവട്ടം ജയകുമാർ, സുഭദ്രാമ്മ, ഗിരിജ മണികണ്ഠൻ, അനന്തകൃഷ്ണൻ ആർ തുടങ്ങിയവർ പ്രസംഗിച്ചു.
താലൂക്കിലെ മുഴുവൻ കരയോഗങ്ങളിലും വ്യത്യസ്തമായ പരിപാടികളോടെ ലഹരി വിരുദ്ധ പ്രചരണ പരിപാടികൾ സംഘടിപ്പിച്ചു. കല്ലറ മേഖലാ ലഹരി വിരുദ്ധ പ്രചരണ സമ്മേളനം യൂണിയൻ വൈസ് ചെയർമാൻ പി വേണുഗോപാൽ പെരുന്തുരുത്ത് 357-ാം നമ്പർ എൻ എസ് എസ് കരയോഗത്തിൽ നിർവ്വഹിച്ചു.
(ഫോട്ടോ അടിക്കുറിപ്പ്: എൻ എസ് എസ് ജനറൽ സെക്രട്ടറിയുടെ ആഹ്വാന പ്രകാരം നടത്തിയ ലഹരി വിരുദ്ധ പ്രചരണ പരിപാടിയുടെ വൈക്കം താലൂക്ക് തല ഉദ്ഘാടനം യൂണിയൻ ചെയർമാൻ പി ജി എം നായർ കാരിക്കോട് നിർവ്വഹിക്കുന്നു.)