തലയോലപ്പറമ്പ് : വീട്ടിലെയും സമീപത്തെ അംഗന വാടിയിലെയും ആഹാര അവശിഷ്ടങ്ങൾ സംസ്കരിക്കാൻ നിർമിച്ച ബയോഗ്യാസ് പ്ലാന്റ് പാചകവാതക ക്ഷാമത്തിൽ രക്ഷയാകുകയാണ് തലയോലപ്പറമ്പ് ചേമ്പാലയിൽ വീട്ടിൽ. സാധാരണ എൽ പി ജി സിലിണ്ടർ ഉപയോഗിച്ചായിരുന്നു തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിലെ ചേമ്പാലയിൽ സി. കെ. പുരുഷോത്തമന്റെ അഞ്ചംഗ കുടുംബം തങ്ങളുടെ പാചകാവശ്യങ്ങൾ നിറവേറ്റിയിരുന്നത്. ബന്ധുവീട്ടിൽ ബയോഗ്യാസ് പ്ലാന്റിന്റെ പ്രയോജനം നേരിൽ കണ്ട് മനസിലാക്കിയാണ് ഒരു വർഷം മുൻപ് തങ്ങളുടെ വീട്ടിലും ബയോഗ്യാസ് പ്ലാന്റ് നിർമിച്ചതെന്ന് പുരുഷോത്തമൻ പറഞ്ഞു. വീട്ടിലെ പാചകത്തിന് മുമ്പും ശേഷവുമുള്ള ആഹാര അവശിഷ്ടങ്ങൾക്കൊപ്പം തൊട്ടടുത്തുള്ള അംഗനവാടിയിലെ ആഹാര അവശിഷ്ടങ്ങളും പ്ലാന്റിൽ നിക്ഷേപിക്കുന്നുണ്ട്. ദിവസേന രാവിലെയും വൈകിട്ടുമായി മൂന്നു മണിക്കൂറോളം സമയം പാചകവാതകം ഇതിൽ നിന്ന് ലഭിക്കുന്നു. മാലിന്യസംസ്കരണം എന്ന പ്രശ്‍നം ഒഴിവായിക്കിട്ടിയെന്നു മാത്രമല്ല വീട്ടിലെ എൽ.പി.ജി. സിലിണ്ടറിന്റെ ഉപയോഗം നേർ പകുതിയിലേറെ കുറയ്ക്കാനും കഴിഞ്ഞുവെന്നതാണ് ഇവരുടെ അനുഭവം. ദുർഗന്ധമോ മറ്റു ബുദ്ധിമുട്ടുകളോ ഇല്ല. സംസ്കരണശേഷം പുറത്തുവരുന്ന ലായനി ഒരു ബക്കറ്റിൽ ശേഖരിച്ച് വീട്ടിലെ ചെടികൾക്ക് വളമായി ഉപയോഗിക്കുന്നു. ബയോഗ്യാസ് പ്ലാന്റ് നിർമാണ രംഗത്ത് നാലു പതിറ്റാണ്ടിലേറെ പ്രവർത്തനപാരമ്പര്യമുള്ള സഹൃദയയാണ് ഏകദേശം മുപ്പത്തയ്യായിരത്തോളം രൂപ ചെലവുവന്ന പ്ലാന്റ് നിർമാണത്തിന് സാങ്കേതിക മേൽനോട്ടം വഹിച്ചതും സർക്കാർ സബ്‌സിഡി ഏർപ്പാടാക്കിയതുമെന്ന് പുരുഷോത്തമൻ പറഞ്ഞു. ആഹാര അവശിഷ്ടങ്ങൾ മാത്രമല്ല, കന്നുകാലികൾ, കോഴി തുടങ്ങിയവയുടെ വിസർജ്യം , റബർ ഷീറ്റടിക്കുമ്പോഴുള്ള മലിനജലം, തുടങ്ങിയവയെല്ലാം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബയോഗ്യാസ് പ്ലാന്റുകൾ സഹൃദയ ടെക്ക് നിർമിച്ചുനല്കിവരുന്നുണ്ടെന്ന് ഡയറക്ടർ ഫാ. ആൻറണി പുതിയാപറമ്പിൽ പറഞ്ഞു. ചെറുകിട റസ്റ്റോറന്റുകൾ, പന്നിവളർത്തൽ, കോഴിവളർത്തൽ, മത്സ്യവ്യാപാരം തുടങ്ങിയവ നടത്തിവരുന്ന സ്ത്രീ സംരംഭകർക്ക് പ്രത്യേക സബ്സിഡിയോടെ പോർട്ടബിൾ പ്ലാന്റ് നൽകുന്ന പദ്ധതിയും നടപ്പാക്കുന്നു. (ഫോൺ: 8943710720) സി. കെ. പുരുഷോത്തമൻ (ഫോൺ: 9446758429)
പാചകവാതക ക്ഷാമത്തിൽ രക്ഷകനായി ബയോഗ്യാസ് പ്ലാന്റ്
