പരപ്പനങ്ങാടി : പരപ്പനങ്ങാടി നവജീവൻ വായനശാലയിൽ ഗ്രന്ഥാലയദിനം വിപുലമായി ആഘോഷിച്ചു. രാവിലെ വായനശാല പ്രസിഡന്റ് പതാക ഉയർത്തി. വനിതകളടക്കം നിരവധി പ്രവർത്തകർ പങ്കെടുത്തു. വൈകീട്ട് നടന്ന കൂടിയിരിപ്പിൽ ബാലവേദി, വനിതാവേദി, വയോജനവേദി എന്നിവയിൽ നിന്നുള്ളവരും വായനശാലപ്രവർത്തകരും പങ്കെടുത്തു. അവർ അവരവരുടെ വായനാനുഭവങ്ങളും ഇഷ്ടപ്പെട്ട പുസ്തകങ്ങളെ കുറിച്ചുള്ള കാഴ്ചപ്പാടുകളും പങ്ക് വെച്ചു. അടുത്ത കാലത്ത് ജനപ്രിയമായ പുസ്തകങ്ങളും ആഴത്തിലുള്ള വായന ആവശ്യപ്പെടുന്ന പുസ്തകങ്ങളും പരാമർശവിധേയമായി. ബാലവേദി അംഗങ്ങളായ ആവണി, പാർവണ എന്നിവരും വനിതാവേദി അമങ്ങളായ സിമി, ശീതള, വിനീത, സുനിത എന്നിവരും ഇഷ്ടപ്പെട്ട പുസ്തങ്ങളെ കുറിച്ച് സംസാരിച്ചു. ഹരീഷ് ഇതരഭാഷയിൽ നിന്ന് മൊഴിമാറ്റം നടത്തിയ പുസ്തകത്തെ കുറിച്ചും സൂരജ് മലയാളിയുടെ പാൻ ഇന്ത്യൻ എഴുത്തിനെ കുറിച്ചും ഉദാഹരണസഹിതം അഭിപ്രായങ്ങൾ പങ്കുവെച്ചു. ഉണ്ണികൃഷ്ണൻ പരിമിതമായ വായനശാലയിൽ ശ്രദ്ധേയമായ പുസ്തകത്തെ കുറിച്ചുള്ള അഭിപ്രായം പങ്കുവെച്ചു. പുരുഷോത്തമൻ പാലാരി സച്ചിദാനന്ദന്റെ ‘മണികർണികയിലെ കാവൽക്കാരൻ സൗന്ദര്യത്തെ വിലയിരുത്തുന്നു’ എന്ന കവിത വായിച്ചു. വായനശാല പ്രസിഡന്റ് വിനോദ് തള്ളശ്ശേരി വായന മനുഷ്യനിലുണ്ടാക്കുന്ന മാറ്റത്തെ കുറിച്ച് ചില വായനക്കാരുടെ അനുഭവത്തിന്റെ വെളിച്ചത്തിൽ സംസാരിച്ചു. കൊണ്ടുണ്ടാകുന്ന പ്രവർത്തക സമിതി അംഗമായ ഉണ്ണി യവനിക സംവാദങ്ങൾക്ക് നേതൃത്വം നൽകി. ഇത്തരം സംവാദങ്ങൾ തുടർന്നു കൊണ്ടുപോകേണ്ടുന്നതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചുകൊണ്ടാണ്‌ പരിപാടി അവസാനിച്ചത്. തുടർന്ന് അംഗങ്ങൾ അക്ഷരദീപങ്ങൾ തെളിച്ചു. വായനശാല കെട്ടിടം ദീപങ്ങൾ കൊണ്ട് അലങ്കരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *