കോഴിക്കോട്. തടമ്പാട്ട് താഴത്ത് സഹോദരിമാരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് തിരയുന്ന സഹോദരൻ പ്രമോദിന്റെ എന്ന് കരുതുന്ന മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ തലശ്ശേരി കടപ്പുറത്താണ് മൃതദേഹം കണ്ടെത്തിയത്. ഫോട്ടോ കണ്ട് ബന്ധുക്കൾ തിരിച്ചറിഞ്ഞതായാണ് വിവരം. കേസിൽ അന്വേഷണം നടത്തുന്ന ചേവായൂർ പോലീസ് തലശ്ശേരിയിലേക്ക് തിരിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെയാണ് കടമ്പാട്ടുതാഴം ഫ്ളോറിക്കൽ റോഡിലെ വാടകവീട്ടിൽ സഹോദരിമാരായ മൂലക്കണ്ടി എം ശ്രീജയ( 70) എം. പുഷ്പലളിത ( 66) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത് .ഇവരുടെ ഒപ്പം താമസിച്ചിരുന്ന സഹോദരൻ പ്രമോദിനെ (62 )സംഭവദിവസം മുതൽ കാണാതായായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സഹോദരിമാരെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത് ആണെന്നും വ്യക്തമായിരുന്നു. ഇതോടെ പ്രമോദിനായി പോലീസ് ഉചിതമായി തിരച്ചിൽ നടത്തി വരികയായിരുന്നു. കഴിഞ്ഞദിവസം ഇയാൾക്കായി ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. പ്രമോദിന്റെ അവസാന മൊബൈൽ ടവർ ലൊക്കേഷൻ ഫറോക്ക് റെയിൽവേ സ്റ്റേഷനിലാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ ഈ മേഖലയിൽ തിരച്ചിൽ നടത്തിയെങ്കിലും ഇയാളെ പറ്റി വിവരം ഒന്നും കിട്ടിയില്ല. ശനിയാഴ്ച പുലർച്ചെ 5:00 മണിയോടെയാണ് പ്രമോദ് അത്താണിക്കൽ ഉള്ള തന്റെ ബന്ധുക്കളോട് സഹോദരികൾ മരിച്ചിട്ടുണ്ടെന്ന് വിവരം അറിയിച്ചത്. എന്നാൽ രാവിലെ എട്ടുമണിയോടെ ബന്ധുക്കൾ എത്തിയപ്പോൾ വീടിൻറെ വാതിൽ ചാരിയിട്ട നിലയിലായിരുന്നു .തുറന്നു നോക്കിയപ്പോൾ രണ്ടു മുറികളിലായി രണ്ടുപേർ മരിച്ചു കിടക്കുന്നതായി കണ്ടു .നിലത്ത് കിടക്കയിൽ കിടത്തിയശേഷം വെള്ളത്തുണി കൊണ്ട് പുതപ്പിച്ച നിലയിലായിരുന്നു
കോഴിക്കോട്ടെ സഹോദരിമാരുടെ കൊലപാതകം, തലശ്ശേരി കടപ്പുറത്ത് കണ്ടെത്തിയതു സഹോദരൻറെ മൃതദേഹം ആണോ എന്ന് സംശയിക്കുന്നു.
