കടുത്തുരുത്തി: കൂണ്‍ കൃഷി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന കൃഷി വകുപ്പ് ഡിഎംആര്‍ മായി ഉടന്‍ ധാരണാപത്രം ഒപ്പ് വയ്ക്കുമെന്ന് മന്ത്രി പി.പ്രസാദ്. സമഗ്ര കൂണ്‍ ഗ്രാമം വികസന പദ്ധതി പൂര്‍ത്തീകരണം സംസ്ഥാനത്തെ പ്രഥമ പ്രഖ്യാപനവും ഭാരതീയ പ്രകൃതി കൃഷി പദ്ധതി കിസാന്‍ മേളയും കടുത്തുരുത്തിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നമ്മുടെ രാജ്യത്തെ പകുതിയിലേറേ രോഗങ്ങള്‍ക്കും കാരണം ഭക്ഷണമാണെന്നും കൂണ്‍ പോലെയുള്ള പ്രതിരോധ ശേഷി പ്രദാനം ചെയ്യുന്ന വിഭങ്ങള്‍ മലയാളി ഭക്ഷണത്തിന്റെ ഭാഗമാക്കണമെന്നും പി.പ്രസാദ് ഉപദേശിച്ചു. വിഎഫ്പിസികെ ഉദ്യോഗസ്ഥര്‍ ഓഫീസിലിരുന്ന് നിര്‍ദേശങ്ങള്‍ മാത്രം നല്‍കിയാല്‍ പോരെന്നും ഗ്രൗണ്ടിലിറങ്ങി പണിയെടുക്കണമെന്നും കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് ആയൂര്‍ദൈര്‍ഘ്യം കൂടുതലാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന കൃഷി വകുപ്പ് സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ മുഖേന രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയില്‍ ഉള്‍പെടുത്തി നടപ്പിലാക്കി വരുന്ന സമഗ്ര കൂണ്‍ ഗ്രാമം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് ആദ്യമായി കടുത്തുരുത്തി മേഖലയില്‍ പൂര്‍ത്തീകരിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനവും കര്‍ഷക സമ്മേളനവുമാണ് കടുത്തുരുത്തിയില്‍ നടന്നത്. സംസ്ഥാനത്ത് 2024-25 വര്‍ഷമാണ് കൂണ്‍ഗ്രാമം പദ്ധതി നടപ്പാക്കിയത്. കോട്ടയം ജില്ലയില്‍ കടുത്തുരുത്തി ഉള്‍പെടെ സംസ്ഥാനത്തൊട്ടാകെ 20 കൂണ്‍ ഗ്രാമം പദ്ധതിയാണ് ആദ്യഘട്ടത്തില്‍ ആരംഭിച്ചത്. ഒരു കൂണ്‍ ഗ്രാമം പദ്ധതിക്കായി 30.25 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ചിവാക്കിയത്. സംസ്ഥാനമൊട്ടാകെ 100 കൂണ്‍ ഗ്രാമം പദ്ധതിയാണ് ഇനി ലക്ഷ്യം വയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു. കടുത്തുരുത്തി മിനി സിവില്‍ സ്റ്റേഷന്‍ അങ്കണത്തില്‍ നടന്ന യോഗത്തില്‍ മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. കൂണ്‍ ഗ്രാമം പദ്ധതിയുടെ സംസ്ഥാന പ്രഥമപൂര്‍ത്തീകരണ പ്രഖ്യാപനവും കര്‍ഷക സമ്മേളനത്തിന്റെ ഉദ്ഘാടനവും കൃഷിമന്ത്രി നിര്‍വഹിച്ചു. പരിപാടിയോടനുബന്ധിച്ചു കര്‍ഷകരുടെ ഉത്പന്നങ്ങളും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കാര്‍ഷിക പ്രദര്‍ശന മേളയും ഉണ്ടായിരുന്നു. 2024-25 വര്‍ഷത്തെ സംസ്ഥാനത്തെ മികച്ച കൂണ്‍ കര്‍ഷകനായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗോവിന്ദ് നയിച്ച ശാസ്ത്രീയ കൂണ്‍ കൃഷിയും സംരംഭകത്വവും എന്ന വിഷയത്തില്‍ സെമിനാറും നടന്നു. കടുത്തുരുത്തി ബ്ലോക്ക് പരിധിയില്‍ വരുന്ന ആറ് കൃഷിഭവന്റെ കീഴിലും കൂണ്‍ അധിഷ്ഠിത കൃഷികൂട്ടങ്ങള്‍ രൂപീകരിക്കുവാനും ഈ കൂട്ടായ്മകളിലൂടെ ഉത്പാദന വിപണന മേഖല ശാക്തീകരിക്കുവാനും സാധിച്ചുവെന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ നേട്ടം. നിരവധി കര്‍ഷകരെ കൂണ്‍ കൃഷിയിലേക്ക് ആകര്‍ഷിക്കാനും മൂല്യ അധിഷ്ഠിത ഉത്പന്നങ്ങളിലൂടെ വരുമാനമാര്‍ഗം കണ്ടെത്തുന്നതിനും പദ്ധതി സഹായിച്ചു. കിസാന്‍ മേളയുടെ ഉദ്ഘാടനം കെ.ഫ്രാന്‍സിസ് ജോര്‍ജ് എംപി നിര്‍വഹിച്ചു. മിഷന്‍ ഡയറക്ടര്‍ സജി ജോണ്‍, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ കൊട്ടുകാപ്പള്ളി, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ടി.ആര്‍. സ്വപ്ന, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാലാ, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സി.ജോ ജോസ്, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിദികള്‍, ഉദ്യോഗസ്ഥര്‍, കൃഷിക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സമഗ്ര കൂണ്‍ ഗ്രാമം വികസന പദ്ധതി പൂര്‍ത്തീകരണം സംസ്ഥാനത്തെ പ്രഥമ പ്രഖ്യാപനവും ഭാരതീയ പ്രകൃതി കൃഷി പദ്ധതി കിസാന്‍ മേളയും കടുത്തുരുത്തിയില്‍ കൃഷിമന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു
