28.82 കോടി രൂപയുടെ പൈങ്ങോട്ടൂർ സമഗ്ര ശുദ്ധജല വിതരണ പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം സെപ്റ്റംബർ രണ്ടിന്

കോതമംഗലം: കിഫ്ബി ധനസഹായത്തോടെ പൈങ്ങോട്ടൂർ പഞ്ചായത്തിൽ നടപ്പിലാക്കുന്ന സമഗ്ര ശുദ്ധജല വിതരണ പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം സെപ്റ്റംബർ രണ്ടിന് ഉച്ചക്ക് 12 ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. പദ്ധതിക്കായി 28.82 കോടി രൂപയാണ് കിഫ്ബി വഴി അനുവദിച്ചിട്ടുള്ളത്. 2016- 2017 ലെ സംസ്ഥാന ബജറ്റിൽ 23 കോടി രൂപ അനുവദിച്ച് പ്രഖ്യാപിച്ച പദ്ധതി വിശദ പദ്ധതി രേഖ തയ്യാറാക്കിയപ്പോൾ ചിലവ് 28.82 കോടി രൂപയായി ഉയരുകയും 2019 ൽ കിഫ്ബിയിൽ ഭരണാനുമതി ലഭിക്കുകയും ചെയ്തിരിന്നു. എന്നാൽ സ്ഥലമേറ്റെടുക്കൽ, വനഭൂമി വിട്ടുകിട്ടൽ തുടങ്ങിയ നൂലാമാലകളിൽ പെട്ട് പദ്ധതി ഇഴയുകയായിരുന്നു. ഒടുവിൽ രണ്ടുവട്ടം കരാർ ക്ഷണിക്കുകയും ചെയ്തു. എന്നാൽ കരാർ ഏറ്റെടുക്കാൻ കരാറുകാർ ആരും മുന്നോട്ട് വരാതിരുന്നതും പദ്ധതി വൈകാൻ കാരണമായി. എന്നാൽ ഇപ്പോൾ സാങ്കേതിക പ്രശ്നങ്ങൾ എല്ലാം പരിഹരിച്ച് പുതിയ കരാർ നൽകി നിർമ്മാണം ആരംഭിക്കുന്നതോടെ പൈങ്ങോട്ടൂർ പഞ്ചായത്തിലെ ജനങ്ങളുടെ പതിറ്റാണ്ടുകളായ കുടിവെള്ള പ്രശ്നത്തിനുള്ള ശാശ്വത പരിഹാരമാവുകയാണ്. കാളിയാർ പുഴയുടെ തീരത്ത് പനങ്കര കാവുംകഴത്തിൽ 6 മീറ്റർ വ്യാസമുള്ള കിണറും പമ്പുഹൗസും 50 എച്ച്.പി മോട്ടോറും സ്ഥാപിച്ച് പൊതകുളത്തെ പതിരിപ്പാറയിലെ 50 സെന്റ് സ്ഥലത്ത് സ്ഥാപിക്കുന്ന 40 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ശുചീകരണ പ്ലാന്റിലേയ്ക്ക് വെള്ളം പമ്പു ചെയ്ത് ശുചീകരിച്ച ശേഷം പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിർമ്മിക്കുന്ന 3.5 ലക്ഷം ,1.2 ലക്ഷം , 4 ലക്ഷം , 4.2 ലക്ഷം ലിറ്റർ വീതം സംഭരണശേഷിയുള്ള 4 ഉന്നതതല സംഭരണികളിൽ വെള്ളം എത്തിച്ച് വിതരണം ചെയ്യുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തതിട്ടുള്ളത്. കൂടാതെ 15 കിലോമീറ്റർ നീളത്തിൽ പമ്പിംഗ് ലൈനിനുള്ള പൈപ്പുകളും 47 കിലോമീറ്റർ നീളത്തിൽ വിതരണ പൈപ്പ് ലൈനുകളും സ്ഥാപിക്കും.കടവൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ മാത്യു കുഴൽനാടൻ എം എൽ എ അധ്യക്ഷനാവും, ഡീൻ കുര്യാക്കോസ് എം പി മുഖ്യാതിഥിയാവും .

Leave a Reply

Your email address will not be published. Required fields are marked *