ജെയിന്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ തയാറാക്കിയ കൊച്ചി മെട്രോയുടെ എ.ആര്‍ അധിഷ്ഠിത ഭാഗ്യചിഹ്നങ്ങള്‍ ശ്രദ്ധേയമായി

കൊച്ചി: ദീക്ഷാരംഭ് 2025 ന്റെ ഭാഗമായി കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ കൊച്ചി മെട്രോയുടെ പ്രമേയത്തെ അടിസ്ഥാനമാക്കി തയാറാക്കിയ എആര്‍ അധിഷ്ടിത ഭാഗ്യചിഹ്നങ്ങള്‍ ശ്രദ്ധേയമായി. വെള്ളിയാഴ്ച്ച ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ കൊച്ചി മെട്രോ എംഡി ലോക്നാഥ് ബെഹ്റയ്ക്ക് ചിഹ്നങ്ങള്‍ കൈമാറി. കൊച്ചി മെട്രോയുടെയും കൊച്ചി വാട്ടര്‍ മെട്രോയുടെയും തനിമയും നഗരത്തിന്റെ സാംസ്‌കാരിക പൈതൃകവും പ്രതിഫലിക്കുന്ന ഭാഗ്യചിഹ്നങ്ങളാണ് വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ചത്. ഇതിനായി ജനറേറ്റീവ് എ.ഐ. ടൂളുകളില്‍ ഇവര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കിയിരുന്നു. ഡിസൈനും സാങ്കേതികവിദ്യയും സമന്വയിപ്പിച്ച്, പുതിയ കാലത്തെ സാധ്യതകള്‍ സര്‍ഗാത്മകമായി എങ്ങനെ ഉപയോഗിക്കാമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മനസിലാക്കുവാനും പദ്ധതിയിലൂടെ സാധ്യമായി. ബി.എ. ഇന്ററാക്ടീവ് ഗെയിം ആര്‍ട്ട്, ഡിസൈന്‍ & ഡെവലപ്മെന്റ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് ഭാഗ്യചിഹ്നങ്ങള്‍ക്ക് ഓഗ്മെന്റഡ് റിയാലിറ്റിയിലൂടെ ഡിജിറ്റല്‍ രൂപം നല്‍കിയത്. ഇതുവഴി പൊതുജനങ്ങള്‍ക്ക് ഈ കഥാപാത്രങ്ങളെ തങ്ങളുടെ മൊബൈല്‍ ഫോണിലൂടെ നേരില്‍ കാണുന്നതുപോലെ അനുഭവിക്കാന്‍ സാധിക്കും.കെ.എം.ആര്‍.എല്‍. മാനേജിംഗ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ, ജെയിന്‍ യൂണിവേഴ്‌സിറ്റി ന്യൂ ഇനിഷ്യേറ്റീവ്‌സ് ഡയറക്ടര്‍ ഡോ. ടോം ജോസഫ്, പ്രോ വൈസ് ചാന്‍സലര്‍ ഡോ. ലത, നെതര്‍ലന്‍ഡ്സിലെ മുന്‍ ഇന്ത്യന്‍ അംബാസഡറും ഫ്യൂച്ചര്‍ കേരള മിഷന്‍ ചെയര്‍മാനുമായ പ്രൊഫ. വേണു രാജാമണി എന്നിവര്‍ ചേര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ തയാറാക്കിയ ഭാഗ്യചിഹ്നങ്ങള്‍ പ്രകാശനം ചെയ്തത്.വിദ്യാര്‍ത്ഥികളുടെ കഴിവിനെയും പരിശ്രമത്തെയും അഭിനന്ദിച്ച ലോക്നാഥ് ബെഹ്റ, ഈ ഭാഗ്യചിഹ്നങ്ങള്‍ യാത്രക്കാരുടെ ശ്രദ്ധയാകര്‍ഷിക്കുന്നതിനായി വിവിധ കൊച്ചി മെട്രോ സ്റ്റേഷനുകളില്‍ പ്രദര്‍ശിപ്പിക്കുമെന്ന് പറഞ്ഞു.ഒരു സ്ഥാപനത്തിന്റെ മുഖച്ഛായ രൂപപ്പെടുത്തുന്നതിലും ജനങ്ങളുമായി വൈകാരിക ബന്ധം സ്ഥാപിക്കുന്നതിലും ഭാഗ്യചിഹ്നങ്ങള്‍ക്ക് വലിയ പങ്കുണ്ട്. കൊച്ചി മെട്രോയുടെ സേവനങ്ങള്‍ക്ക് സവിശേഷമായ ഒരു ഐഡന്റിറ്റി നല്‍കാനും, രസകരമായ രീതിയില്‍ വിവരങ്ങള്‍ കൈമാറാനും, പ്രാദേശിക സംസ്‌കാരം ഉയര്‍ത്തിക്കാട്ടാനും, വിദ്യാര്‍ത്ഥികളുടെ നൂതന ആശയങ്ങള്‍ക്ക് അവസരം നല്‍കാനും ഈ പദ്ധതി സഹായിക്കും. അക്കാദമിക് രംഗവും വ്യവസായവും പൊതു പങ്കാളിത്തവും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ സംരംഭം.തിരഞ്ഞെടുത്ത മെട്രോ സ്റ്റേഷനുകളില്‍ ഉടന്‍ തന്നെ ഈ എ.ആര്‍. ഭാഗ്യചിഹ്നങ്ങള്‍ പൊതുജനങ്ങള്‍ക്കായി ലഭ്യമാകും. ഇതോടെ മെട്രോ യാത്രകള്‍ കേവലം യാത്രകളായി ഒതുങ്ങാതെ, സാങ്കേതികവിദ്യയും സര്‍ഗ്ഗാത്മകതയും ഒത്തുചേരുന്ന ഒരനുഭവമായി മാറും.

Leave a Reply

Your email address will not be published. Required fields are marked *