ഉഭയകക്ഷി വ്യാപാരബന്ധം ശക്തിപ്പെടുത്തുക ലക്ഷ്യം; ഇന്ത്യ- സിയറ ലിയോൺ വ്യാപാര സമ്മേളനം കൊച്ചിയിൽ സംഘടിപ്പിച്ചു

Breaking Kerala Local News National Uncategorized

ട്രേഡ് കമ്മീഷണറായി കൃഷ്ണ ശങ്കറിനെ നിയമിച്ചു.

കൊച്ചി: ഫാർമസ്യൂട്ടിക്കൽസ്, മെഡിസിൻ, ഐടി വികസനം, വ്യാവസായിക വികസനം എന്നീ മേഖലകളിൽ ഉഭയകക്ഷി വ്യാപാരബന്ധം ശക്തിപ്പെടുത്തുക ലക്ഷ്യമിട്ട് ഇന്ത്യ- സിയറ ലിയോൺ വ്യാപാര സമ്മേളനം കൊച്ചിയിൽ സംഘടിപ്പിച്ചു. ഇന്ത്യ ആഫ്രിക്ക ട്രേഡ് കൗൺസിലിന്റെ (ഐഎടിസി) നേതൃത്വത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ ദക്ഷിണേന്ത്യയിലെ പ്രമുഖ വ്യവസായ പ്രതിനിധികൾ പങ്കെടുത്തു. ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണിന്റെ വ്യവസായ സൗഹൃദ അന്തരീക്ഷം പരമാവധി പ്രയോജനപ്പെടുത്തുന്നതിനോടൊപ്പം ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുകയുമാണ് സമ്മേളനത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ സിയറ ലിയോണിന്റെ ഇന്ത്യയിലെ ഹൈകമ്മീഷണർ ഹിസ് എക്‌സലൻസി റാഷിദ് സെസായിയെയും അബുദാബിയിലെ സിയറ ലിയോൺ എംബസിയിലെ ഇൻഫർമേഷൻ അറ്റാഷെ ഉൾപ്പെടെയുള്ള നയതന്ത്ര പ്രതിനിധി സംഘത്തെയും ഇന്ത്യൻ ഇക്കണോമിക് ട്രേഡ് ഓർഗനൈസേഷൻ പ്രസിഡന്റ് ഡോ. ആസിഫ് ഇക്ബാൽ സ്വാഗതം ചെയ്തു.

ഇന്ത്യയുമായി മികച്ച വ്യാപാരബന്ധമാണ് സിയറ ലിയോണിനുള്ളതെന്ന് ഹൈകമ്മീഷണർ ഹിസ് എക്‌സലൻസി റാഷിദ് സെസായി പറഞ്ഞു. “ഫാർമസ്യൂട്ടിക്കൽസ്, ഐടി വികസനം, വ്യാവസായിക വളർച്ച തുടങ്ങിയ പ്രധാന മേഖലകളിൽ അനന്ത സാധ്യതകളാണ് സിയറ ലിയോണിലുള്ളത്. ഇവ ഇന്ത്യയിലെ വ്യാപാര സമൂഹത്തിനായി തുറന്നിടുകയാണ്. വ്യാപാര ബന്ധവും സാമ്പത്തിക സഹകരണവും ശക്തിപ്പെടുത്തുന്നത് ഇരുരാജ്യങ്ങൾക്കും നേട്ടമുണ്ടാക്കും.” അദ്ദേഹം പറഞ്ഞു. സിയറ ലിയോണിന്റെ വികസന പ്രവർത്തനങ്ങളിൽ ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടാകുന്ന പിന്തുണയ്ക്ക് അദ്ദേഹം നന്ദി അറിയിച്ചു. ഇരുരാജ്യങ്ങളിലെയും വ്യാപാര മേഖലകളിൽ പുത്തൻ അവസരങ്ങൾ സൃഷ്ടിക്കാൻ പരസ്പര സഹകരണം കാരണമാകുമെന്ന് ഇന്ത്യൻ ഇക്കണോമിക് ട്രേഡ് ഓർഗനൈസേഷൻ പ്രസിഡന്റ് ഡോ. ആസിഫ് ഇക്ബാൽ പറഞ്ഞു.

കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സാമ്പത്തിക മാനേജ്‌മെന്റ് കമ്പനിയായ ഫിനോവെസ്റ്റ് ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കൃഷ്ണ ശങ്കറിനെ ഇന്ത്യ-ആഫ്രിക്ക ട്രേഡ് കൗൺസിലിന്റെ ഓണററി ട്രേഡ് കമ്മീഷണറായി നിയമിച്ചു. അടിസ്ഥാന സൗകര്യ വികസന മേഖലയ്ക്ക് പുറമെ ഖനനം, ടൂറിസം, പോൾട്രി, ഫാർമസ്യൂട്ടിക്കൽസ് മേഖലകളിലെ ഗവേഷണങ്ങൾക്കായി പ്രതിനിധി സംഘത്തെ സിയറ ലിയോണിലേക്ക് അയക്കുമെന്ന് കൃഷ്ണ ശങ്കർ പറഞ്ഞു. സിയറ ലിയോണുമായി ഏറ്റവും കൂടുതൽ വ്യാപാര ബന്ധം പുലർത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 2019-20 കാലയളവിൽ 139.86 മില്യൺ യുഎസ് ഡോളറിന്റെ വ്യാപാരമാണ് ഇരുരാജ്യങ്ങളും തമ്മിൽ നടത്തിയത്. മരുന്നുകൾ, പ്ലാസ്റ്റിക്കുകൾ, അരി (ബസുമതി ഉൾപ്പെടാത്തത്), വ്യാവസായിക യന്ത്രങ്ങൾ എന്നിവയാണ് ഇന്ത്യ പ്രധാനമായും സിയറ ലിയോണിലേക്ക് കയറ്റുമതി ചെയ്യുന്നത്. 2019ൽ ഉപരാഷ്ട്രപതിയായിരുന്ന വെങ്കയ്യ നായിഡുവിന്റെ സിയറ ലിയോൺ സന്ദർശനത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ ഉഭയകക്ഷി കരാറുകളിൽ ഒപ്പിട്ടിരുന്നു. ഇതിന്റെ ഭാഗമായി, സിയറ ലിയോണിലെ ജലസേചന പദ്ധതികൾക്കായി ഇന്ത്യ 45 മില്യൺ യുഎസ് ഡോളർ നൽകിയിരുന്നു. രാജ്യത്തെ കോനോ ജില്ല കേന്ദ്രീകരിച്ച് ശാസ്ത്ര സാങ്കേതിക സർവകലാശാല ആരംഭിക്കുന്നതിന് 32 മില്യൺ യുഎസ് ഡോളറിന്റെ ലൈൻ ഓഫ് ക്രെഡിറ്റ് (LOC) സൗകര്യവും നൽകിയിട്ടുണ്ട്.

കൊച്ചിയിൽ സംഘടിപ്പിച്ച ഇന്ത്യ- സിയറ ലിയോൺ വ്യാപാര സമ്മേളനത്തിൽ നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാനും മൗറീഷ്യസിലെ ട്രേഡ് കമ്മീഷണറുമായ ഡോ. കൃഷ്ണദാസ്, മലബാർ ഇന്നവേഷൻ ഓൺട്രപ്രണർഷിപ്പ് സിഇഒയും കേന്ദ്ര ആരോഗ്യ വകുപ്പ് മുൻ ഉപദേഷ്ടാവുമായ ഡോ. എ മാധവൻ, ഇന്ത്യൻ ഇക്കണോമിക് ട്രേഡ് ഓർഗനൈസേഷൻ പ്രസിഡന്റ് ഡോ. ആസിഫ് ഇക്ബാൽ, ആസിയാൻ ട്രേഡ് കൗൺസിലിലെ ഇന്ത്യൻ ട്രേഡ് കമ്മീഷണർ വർക്കി പീറ്റർ, കോമൺവെൽത്ത് ട്രേഡ് കൗൺസിലിലെ ഇന്ത്യൻ ട്രേഡ് കമ്മീഷണർ ദാവൂദ് സെയ്ത്, ഐ.ഇ.ടി.ഒ കോർപറേറ്റ് റിലേഷൻസ് ഡയറക്ടർ ബെൻസി ജോർജ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *