കടുത്തുരുത്തി വലിയപള്ളിയിൽ നിര്‍മാണം പൂര്‍ത്തിയാക്കിയ ക്നാനായ ഹെറിറ്റേജ് ഗ്യാലറി (മ്യൂസിയം) നാളെ നാടിന് സമർപ്പിക്കും

കടുത്തുരുത്തി: കടുത്തുരുത്തി വലിയപള്ളി അങ്കണത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ആര്‍ച്ചുബിഷപ്പ് കുന്നശ്ശേരി മെമ്മോറിയല്‍ ക്നാനായ ഹെറിറ്റേജ് ഗ്യാലറി (മ്യൂസിയം) നാളെ (18 ന് ) മൂന്നിന് ആര്‍ച്ച് ബിഷപ്പ് മാര്‍.മാത്യു മൂലക്കാട്ട് വെഞ്ചരിച്ചു നാടിന് സമര്‍പിക്കും. ക്നാനായ ജനതയുടെ കുടിയേറ്റ ചരിത്രവും വളര്‍ച്ചയും വിഷ്വല്‍ ഗ്യാലറിയില്‍ അനാവരണം ചെയ്യപ്പെടും. കടുത്തുരുത്തി ഇടവകക്കാരനും കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയുമായ മാര്‍.കുര്യാക്കോസ് കുന്നശ്ശേരിയുടെ നാമധേയത്തിലാണ് ഗ്യാലറി എന്ന പൈതൃക സ്മാരകം സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. ക്നാനായ ജനതയുടെ വ്യതിരക്ത കലാസമ്പ്രദായങ്ങളും തനതായ വിവാഹാചാരങ്ങളും പ്രതിപാദിക്കുന്ന ചിത്രശില്പ കാഴ്ച്ചകള്‍ വിഷ്വല്‍ ഗാലറിയില്‍ ക്രമീകരിച്ചിട്ടുണ്ട്. വലിയപള്ളിയുടെ മുറ്റത്തുള്ള 50 അടി ഉയരത്തിലുള്ള കരിങ്കല്‍ കുരിശും കുരിശുമ്മൂട് കടവില്‍ പ്രേഷിത കുടിയേറ്റ കടല്‍യാത്രയില്‍ മരണപ്പെട്ടുപോയ പൂര്‍വികരെ ഓര്‍മിച്ചുകൊണ്ട് ഉയിര്‍പ്പുതിരുനാള്‍ ദിവസം പടിഞ്ഞാറോട്ടു തിരിഞ്ഞുനിന്ന് പ്രാര്‍ത്ഥന നടത്തുന്ന കുരിശടിയും കാണാം. . വെഞ്ചരിപ്പിനെ തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍ കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍.ജോസഫ് പണ്ടാരശ്ശേരില്‍ അധ്യക്ഷത വഹിക്കും. അതിരൂപതാ മെത്രാപ്പോലീത്ത മാര്‍.മാത്യു മൂലക്കാട്ട് ഉദ്ഘാടനം നിര്‍വഹിക്കും. മ്യൂസിയത്തെക്കുറിച്ചുള്ള ലഘുവിവരണം സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍.അപ്രേം അവതരിപ്പിക്കും. അതിരൂപതാ മുഖ്യ വികാരി ജനറാള്‍ ഫാ.തോമസ് ആനിമൂട്ടില്‍, പ്രൊക്കുറേറ്റര്‍ ഫാ.ഏബ്രാഹം പറമ്പേട്ട്, ഫ്രാന്‍സിസ് ജോര്‍ജ് എംപി, മോന്‍സ് ജോസഫ് എംഎല്‍എ, ബാബു പറമ്പടത്തുമലയില്‍ എന്നിവര്‍ പ്രസംഗിക്കും.

Leave a Reply

Your email address will not be published. Required fields are marked *