79-ാമത് സ്വാതന്ത്ര്യദിനം വൈവിധ്യമാർന്ന പരിപാടികളോടെ വർക്കല പാലച്ചിറ കിഡ്സ് പാലസ് ഗ്ലോബൽ സ്മാർട്ട് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സംഘടിപ്പിച്ചു. ഗാന്ധിജിയുടെ പൂർണ്ണകായ പ്രതിമ അനാച്ഛാദനം, വിമുക്ത ഭടന്മാരെ ആദരിക്കൽ, വിദ്യാർഥികളുടെ സ്വാതന്ത്ര്യദിന മാർച്ച് പാസ്റ്റ്, പ്രത്യേക സ്കൂൾ അസംബ്ലി, ദേശഭക്തിഗാനങ്ങളുടെ നൃത്താവിഷ്കാരം, ദേശീയോദ്ഗ്രഥന പ്രതിജ്ഞ, കലാസംസ്കാരിക പരിപാടികൾ, സമ്മാനദാനം എന്നിവ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നടന്നു. ഗാന്ധിജിക്ക് ഏറെ പ്രിയപ്പെട്ട “രഘുപതി രാഘവ രാജാറാം” എന്ന ഭജൻ സ്കൂൾ കുട്ടികൾ ആലപിച്ചുകൊണ്ടാണ് പരിപാടികൾക്ക് തുടക്കമായത്. സംസ്ഥാന ചരക്ക്സേവന നികുതി വകുപ്പ് ഡെപ്യൂട്ടി കമ്മീഷണർ ബി.എൽ ഷാജഹാൻ സ്കൂൾ അങ്കണത്തിൽ സ്ഥാപിച്ച ഗാന്ധിജിയുടെ പൂർണ്ണകായപ്രതിമ അനാച്ഛാദനം ചെയ്തു. തുടർന്ന് അദ്ദേഹം ദേശീയ പതാക ഉയർത്തി സ്കൂൾ കുട്ടികളുടെ മാർച്ച് പാസ്റ്റിൽ അഭിവാദ്യം സ്വീകരിച്ചു. സ്കൂൾ രക്ഷാധികാരി ദേവദാസ്.എൻ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ സിന്ധു.എസ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. വൈസ് പ്രിൻസിപ്പൽ ലൗലി സനൽ ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിമുക്തഭടന്മാരായ അനിൽകുമാർ.വി, ഗോപാലകൃഷ്ണൻ, ഫൈസി.എസ്, രതീഷ് ഗോപി.എസ് എന്നിവരെയും അന്താരാഷ്ട്ര അബാക്കസ് ഒളിമ്പ്യാഡ് റാങ്ക് ജേതാവ് ദിയവിഷ്ണുവിനെയും ജി.എസ്.റ്റി ഡെപ്യൂട്ടി കമ്മീഷണർ ബി.എൽ ഷാജഹാൻ ചടങ്ങിൽ ആദരിച്ചു. ആറടിയിലധികം ഉയരമുള്ള ഗാന്ധിപ്രതിമ രൂപകൽപ്പനചെയ്ത ശില്പി ആർ.സുനിലിന് സ്കൂൾ എംഡി ഷിനോദ്.എ ഉപഹാരം സമ്മാനിച്ചു. അധ്യാപകരായ ബിജികലരാജു, ആതിര എസ്.എസ്, ജെസി സന്തോഷ്, റാബിയ.എം, ത്രിജ,ലൈജി,രമ്യ, അനധ്യാപക പ്രതിനിധികളായ സോജി, ബാബു, അഷ്ടമി,ഷൈമ, സുനിത,റഫീഖ് തുടങ്ങിയവർ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.
