അറുന്നൂറ്റി മംഗലം സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ജീവിതശൈലി രോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി പരിശോധനയും മരുന്നു വിതരണവും ആരംഭിച്ചു. പരിപാടിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ജോൺസൺ കൊട്ടുകാപ്പള്ളി നിർവഹിച്ചു. പ്രമേഹം രക്താദിമർദ്ദം കൊളസ്ട്രോൾ തുടങ്ങി ജീവിതശൈലി രോഗങ്ങൾ ഉള്ളവർക്ക് അറുന്നൂറ്റി മംഗലം സി എച്ച് സി യിൽ പ്രത്യേകം സംഘടിപ്പിക്കുന്ന ക്യാമ്പുകളിൽ വച്ചാണ് മരുന്നു വിതരണം നടത്തുന്നത്. കൃത്യമായ ഇടവേളകളിൽ പരിശോധന ഉറപ്പാക്കുക മരുന്ന് കൃത്യമായി കഴിക്കുന്നുവെന്ന് ഉറപ്പുവരുത്തുക, ദൈനംദിന വ്യായാമം പ്രോത്സാഹിപ്പിക്കുക ചിട്ടയായ ഭക്ഷണക്രമീകരണം നടപ്പിലാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ. ആദ്യഘട്ടം എന്ന നിലയിൽ മുളക്കുളം പഞ്ചായത്തിലെ ഒൻപതാം വാർഡിലെ രോഗികളിൽ ഗവൺമെന്റ് ആശുപത്രികളിൽ ചികിത്സിക്കുന്നവർക്കാണ് ഈ സൗകര്യം ലഭ്യമാക്കുന്നത്. ഒമ്പതാം വാർഡിൽ 281 പേരാണ് ജീവിതശൈലി രോഗങ്ങൾക്ക് ചികിത്സിക്കുന്നത്. ആദ്യഘട്ടത്തിൽ 58 പേർ ചികിത്സയ്ക്കായി എത്തി ഓ പി വിഭാഗത്തിൽ എത്തി ക്യൂ നിൽക്കുന്നത് മൂലം മറ്റ് വായുജന്യ രോഗങ്ങൾ പിടിപെടാനുള്ള സാധ്യത ജീവിതശൈലി രോഗികളിൽ കൂടുതലാണ് എന്നുള്ളതാണ് ഇത്തരത്തിൽ ഒരു സംവിധാനം ഏർപ്പെടുത്താൻ കാരണമായതെന്ന് മെഡിക്കൽ ഓഫീസർ ഡോക്ടർ സപ്ന ജി. ഐ. അറിയിച്ചു. സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ അധികാരപരിധിയിലുള്ള മറ്റു വാർഡുകളിൽ കൂടി ഈ സൗകര്യം ഏർപ്പെടുത്തുമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. ആദ്യ മരുന്നു വിതരണം ശ്രീമതി മേരി ജോസിന് നൽകിക്കൊണ്ട് കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ജോൺസൺ കുട്ടുകാപള്ളി നിർവഹിച്ചു. ബ്ലോക്ക് മെമ്പർ സുബിൻ മുളക്കുളം പഞ്ചായത്ത് മെമ്പർ ശ്രീമതി മേരിക്കുട്ടി നടുവിലേടത്ത് മെഡിക്കൽ ഓഫീസർ ഡോക്ടർ സപ്ന, ഹെൽത്ത് സൂപ്പർവൈസർ ശ്രീ രാജേഷ് ആർ മറ്റ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
