.ദോഹ: ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ജിസിസി റെയിൽവേ പദ്ധതി 2030 ഓടെ പൂർത്തിയാകുമെന്ന് ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽബുദൈവി വ്യക്തമാക്കി. കുവൈറ്റ് പത്രമായ അൽ ഖബാസിന് നൽകിയ അഭിമുഖത്തിലാണ് സെക്രട്ടറി ജനറൽ ഇക്കാര്യം വ്യക്തമാക്കിയത്.കുവൈത്ത് മുതൽ ഒമാൻ വരെ നീളുന്ന 2,177 കിലോമീറ്റർ ദൈർഘ്യമുള്ള ഒരു സംയോജിത റെയിൽവേ ശൃംഖലയിലൂടെ ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുക എന്നതാണ് ഈ റെയിൽവേ പദ്ധതി ലക്ഷ്യമിടുന്നത്..കുവൈത്തിൽ നിന്ന് ആരംഭിക്കുന്ന റെയിൽവേ ലൈൻ സൗദി അറേബ്യയിലെ ദമ്മാം വഴി ബഹ്റൈൻ തലസ്ഥാനമായ മനാമയിലെത്തും. ദമ്മാമിൽ നിന്ന് ദോഹയിലേക്ക് സൽവ അതിർത്തി വഴി ഒരു ലൈൻ ഉണ്ടാകും, ഇത് ഖത്തറിനെ ബഹ്റൈനുമായി ബന്ധിപ്പിക്കും.സൗദി അറേബ്യയിൽ നിന്ന് അബുദാബിയിലേക്കും, അൽ ഐനിലേക്കും മറ്റൊരു ലൈൻ നിർമിക്കും. ഇത് സൊഹാർ വഴി ഒമാൻ തലസ്ഥാനമായ മസ്കറ്റിലേക്ക് നീണ്ടുകിടക്കും..അതേസമയം ജി.സി.സി രാജ്യങ്ങളിലെ ഗതാഗത നിയമലംഘനങ്ങൾ ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതി 95% പൂർത്തിയായതായും ജിസിസി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽബുദൈവി വ്യക്തമാക്കി. പൗരന്മാരും താമസക്കാരും മറ്റ് ജിസിസി രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ ഗതാഗത നിയമങ്ങൾ പാലിക്കുന്നത് മെച്ചപ്പെടുത്തുന്നതിനും നിയമലംഘനങ്ങൾ ആവർത്തിക്കുന്നത് കുറയ്ക്കുന്നതിനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.ഇത് നടപ്പിലാക്കിയാൽ, ജിസിസി രാജ്യങ്ങൾക്കിടയിൽ ഗതാഗത നിയമലംഘന ഡാറ്റ തത്സമയം ഉടനടി പരസ്പരം കൈമാറ്റം ചെയ്യാൻ കഴിയും.
ജി.സി.സി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയിൽവേ ലൈൻ 2030 ൽ പൂർത്തിയാകും
