ദോഹ: കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഏക ദിന ഔദ്യോഗിക സന്ദർശനാർഥം ഒക്ടോബർ 30ന് ഖത്തറിലെത്തും. ഖത്തർ അധികാരികളുമായും ഖത്തറിലെ മലയാളി സമൂഹവുമായും ബിസിനസ് രംഗത്തെ പ്രമുഖരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നാണ് കരുതുന്നത്. ഒക്ടോബർ 30ന് അബൂഹമൂറിലെ ഐഡിയൽ ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിക്കുന്ന ‘മലയോളോത്സവം’ പൊതുപരിപാടിയിൽ മുഖ്യമന്ത്രി ഖത്തറിലെ മലയാളി സമൂഹത്തെ അഭിസംബോധന ചെയ്യും. ലോക കേരള സഭ, മലയാളം മിഷൻ എന്നിവയുടെ നേതൃത്വത്തിൽ വിവിധ മലയാളി സംഘടനകളുടെ സഹകരണത്തോടെയാണ് ഒക്ടോബർ 30ന് പൊതു സ്വീകരണം ഒരുക്കുക.വിവിധ സംഘടനകളുടെ പ്രതിനിധികൾ, സാംസ്‌കാരിക നേതാക്കൾ എന്നിവരടങ്ങുന്ന സമഗ്ര സംഘാടക സമിതി രൂപീകരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. കഴിഞ്ഞ 9 വർഷമായി പ്രവാസകാര്യ വകുപ്പിൻ്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യമന്ത്രി പദവിയിലെത്തിയ ശേഷം ആദ്യമായാണ് ഖത്തർ സന്ദർശിക്കുന്നത്. നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി ചുമതല വഹിച്ചപ്പോൾ അദ്ദേഹം ദോഹ സന്ദർശിച്ചിരുന്നു.മുഖ്യമന്ത്രിയുടെ ബഹ്റൈൻ സന്ദർശനം ഈ മാസം 17ന് നടക്കും. മനാമയിലെ മലയാളി സമാജം ഹാളിലാണ് മുഖ്യമന്ത്രിയുടെ പരിപാടി. ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി ഒക്ടോബർ 31ന് രാവിലെ അദ്ദേഹം തിരുവനന്തപുരത്തേക്ക് തിരിക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ ഒക്ടോബർ 30ന് ഖത്തറിലെത്തും
