ചികിത്സാ രം​ഗത്ത് പുത്തൻ നേട്ടവുമായി അങ്കമാലി അപ്പോളോ അഡ്ലക്സ്; അതിസങ്കീർണ മഹാധമനി ശസ്ത്രക്രിയകളിലൂടെ ജീവിതത്തിലേക്ക് മടങ്ങിയത് നാല് പേർ

അങ്കമാലി: അതിസങ്കീർണ്ണമായ നാല് മഹാധമനി ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി അങ്കമാലി അപ്പോളോ അഡ്‌ലക്സ് വൈദ്യശാസ്ത്ര രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ ആശുപത്രിയിലെത്തിയ അതീവ ഗുരുതരാവസ്ഥയിലായിരുന്ന നാല് രോഗികളെയാണ് അത്യാധുനിക ചികിത്സാ രീതികളിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. കാർഡിയോ വാസ്കുലാർ ആൻഡ് തൊറാസിക് സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. റിന്നറ്റ് സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ കാർഡിയോളജി വിഭാഗം മേധാവി ഡോ.ഹർഷ ജീവനും കാർഡിയാക് അനസ്തേഷ്യ വിഭാഗം മേധാവി ഡോ.സുചിത് ചെറുവള്ളിയും അടങ്ങുന്ന വിദഗ്ധ സംഘമാണ് ഈ നേട്ടത്തിന് പിന്നിൽ.​ഏറ്റവും നൂതനമായ ‘എൻഡോവാസ്കുലാർ അയോർട്ടിക് റിപ്പയർ’ (ഈവാർ), ‘ഫെനസ്ട്രേറ്റഡ് ഈവാർ’ എന്നീ സാങ്കേതികവിദ്യകളാണ് ചികിത്സയ്ക്കായി ഉപയോഗിച്ചത്. ചികിത്സ തേടിയവരിൽ രണ്ട് പേരുടെ മഹാധമനിക്ക് സാധാരണയിലും കവിഞ്ഞ വീക്കം (അനൂറിസം) സംഭവിച്ചിരുന്നു. സാധാരണഗതിയിൽ 2.5 സെ.മീ മാത്രം വലിപ്പമുണ്ടാകേണ്ട മഹാധമനി, ഇരട്ടിയിലധികമായി വർധിച്ച് 7.5 സെ.മീ, 9.5 സെ.മീ എന്നിങ്ങനെ അപകടകരമായ അളവിൽ എത്തിയിരുന്നു. ഇതിൽ ഒരാളുടെ മഹാധമനി പൊട്ടി 50 ശതമാനത്തോളം രക്തം വാർന്നുപോയെങ്കിലും അടിയന്തര ഈവാർ ശസ്ത്രക്രിയയിലൂടെ ജീവൻ രക്ഷിക്കാനായി.​മറ്റൊരു രോഗിക്ക് നെഞ്ചിലേറ്റ ക്ഷതത്തെത്തുടർന്ന് വാരിയെല്ലുകൾക്ക് പരിക്കേൽക്കുകയും മഹാധമനിയിൽ വിള്ളൽ സംഭവിക്കുകയും ചെയ്തിരുന്നു. നെഞ്ച് തുറന്നുള്ള സങ്കീർണ്ണ ശസ്ത്രക്രിയ ഒഴിവാക്കി, രക്തക്കുഴലിലൂടെയുള്ള ചികിത്സാമാർഗ്ഗമാണ് (എൻഡോവാസ്കുലാർ) ഇവിടെ സ്വീകരിച്ചത്. ഇത് രോഗിയെ വേഗത്തിൽ സുഖം പ്രാപിക്കാൻ സഹായിച്ചു.​വയറിലെ മഹാധമനിയിലുണ്ടായ വീക്കം (അബ്ഡൊമിനൽ അയോർട്ടിക് അനൂറിസം) വൃക്കയുടെ പ്രവർത്തനത്തെ ബാധിച്ചതായിരുന്നു നാലാമത്തെ രോഗിയുടെ വെല്ലുവിളി. വീക്കം വന്ന ഭാഗം ഇടത് വൃക്കയിലേക്കുള്ള രക്തക്കുഴലിനെ മൂടിയ നിലയിലായിരുന്നു. സാധാരണ ചികിത്സാരീതി വൃക്കയുടെ പ്രവർത്തനത്തെ തകരാറിലാക്കാൻ സാധ്യതയുള്ളതിനാൽ, ‘ഫെനസ്ട്രേറ്റഡ് ഈവാർ’ എന്ന നൂതന രീതിയാണ് ഡോക്ടർമാർ തിരഞ്ഞെടുത്തത്. ഇതിലൂടെ വൃക്കയിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടാതെ തന്നെ പുതിയൊരു പാത സൃഷ്ടിക്കാൻ സാധിച്ചു.​സങ്കീർണ്ണമായ ഈ ശസ്ത്രക്രിയകൾക്ക് ശേഷം സുഖം പ്രാപിച്ച നാല് പേരും ആശുപത്രി വിട്ടു. “കേരളത്തിലെ ആരോഗ്യമേഖലയ്ക്ക് തന്നെ അഭിമാനകരമായ നേട്ടമാണ് ഈ വിജയമെന്ന്” അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റൽ സി.ഇ.ഒ ഡോ. ഏബെൽ ജോർജ്ജ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *