ദമ്മാം: സൗദി അറേബ്യയിലെ ദമ്മാമിൽ 12 വർഷമായി നാട്ടിൽ പോകാതിരുന്ന പ്രവാസി മലയാളി യാത്രയുടെ തലേന്ന് അന്തരിച്ചു. കൊല്ലം നിലമേൽ സ്വദേശിയായ ദിലീപ് കുമാർ ചെല്ലപ്പൻ ആശാരി (58) ആണ് മരിച്ചത്. വർക്ക്ഷോപ്പ് ജീവനക്കാരനായ ദിലീപ് കഴിഞ്ഞ ഒമ്പത് വർഷമായി താമസരേഖയോ മെഡിക്കൽ ഇൻഷുറൻസോ ഇല്ലാതെയാണ് സൗദിയിൽ കഴിഞ്ഞിരുന്നത്.അസുഖബാധിതനായ അവസ്ഥയിൽ, കെഎംസിസി കാരുണ്യ വിഭാഗം പ്രവർത്തകൻ അഷ്റഫ് കണ്ണൂരിന്റെ നേതൃത്വത്തിൽ ചികിത്സാ സൗകര്യങ്ങൾ ഒരുക്കി നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു അദ്ദേഹം. ഇന്ത്യൻ എംബസിയിലെ സാമൂഹിക പ്രവർത്തകരായ മണിക്കുട്ടന്റെയും മഞ്ജുവിൻ്റെയും സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി ചൊവ്വാഴ്‌ച ഫൈനൽ എക്‌സിറ്റ് വിസ നേടി. എന്നാൽ, വ്യാഴം പുലർച്ചെ ദിലീപ് മരണപ്പെടുകയായിരുന്നു.പന്ത്രണ്ട് വർഷം മുമ്പ് ദിലീപിൻ്റെ ഭാര്യയും പിന്നീട് അമ്മയും മരിച്ചിരുന്നു. ഇതോടെ നാട്ടിലേക്കുള്ള യാത്രകൾ നിലച്ചു. സാമൂഹിക പ്രവർത്തകൻ ഷാജി വയനാടിന്റെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി, മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും.
12 വർഷത്തിന് ശേഷം സൗദിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ഒരുക്കം: യാത്രയുടെ തലേന്ന് പ്രവാസി മലയാളി അന്തരിച്ചു
