വൈക്കം ; താളമേളവിദ്വാന്‍ പെരുവനം കുട്ടന്‍മാരാരുടെ നേതൃത്ത്വത്തില്‍ നൂറില്‍പരം താളവാദ്യ കാലാകാരന്‍മാര്‍ ചേര്‍ന്നൊരുക്കിയ പാണ്ടിമേളത്തിന്റെ മേളപെരുക്കത്തില്‍ അരങ്ങേറിയ തിരുപുരം പകല്‍പൂരം ജനമനസ്സുകളില്‍ ദൃശ്യവിസ്മയം തീര്‍ത്തു. തലയോലപ്പറമ്പ് ശ്രീകൃഷണസ്വാമി ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങളിലെ പ്രധാന ചടങ്ങായിരുന്നു ചൊവ്വാഴ്ച വൈകിട്ട് നടന്ന പകല്‍പൂരം കേരളത്തിലെ അറിയപ്പെടുന്ന തലയെടുപ്പ്കാരായ 15 ആനകള്‍ നെറ്റിപ്പട്ടംകെട്ടി പട്ട് കുടകള്‍ ചൂടി വെഞ്ചാമരം വീശി നിന്ന മനോഹരകാഴ്ച ആനപ്രേമികള്‍ക്കും ഭക്തര്‍ക്കും അപൂര്‍വ്വ ദൃശ്യമായ്. വൈകിട്ട് 4-ന് ക്ഷേത്രത്തിന്റെ തെക്കെമൈതാനത്താണ് പകല്‍പൂരം നടന്നത്. ക്ഷേത്രം തന്ത്രി മനയത്താറ്റ് ഇല്ലത്ത് ചന്ദ്രശേഖരന്‍ നമ്പൂതിരി പൂരത്തിന് ദീപം തെളിയിച്ചു. തലയെടുപ്പ്കാരനായ ഗുരുവായൂര്‍ ഇന്ദ്രസെന്‍ ആനയാണ് ഭഗവാന്റെ തിടമ്പേറിയത്. തിടമ്പേറിയ ആനയുടെ ഇരുവശങ്ങളിലായി 14 ആനകള്‍ അണിനിരന്നു. കുടമാറ്റം, മയിലാട്ടം, ആനച്ചമയങ്ങളുടെ അലങ്കാരങ്ങള്‍, വലിയ വിളക്ക് എന്നിവ പൂരത്തിന് മികവേകി.
തിരുപുരം പൂരത്തിന്റെ പ്രൗഡിയില്‍ അലിഞ്ഞ് ജനസാഗരം
