പുതുമുഖ സംവിധായകൻ സതീഷ് തൻവി സംവിധാനം ചെയ്യുന്ന സിനിമയുടെ കഥ ഷിഹാബ് കരുനാഗപ്പള്ളിയുടേതാണ്. നവംബർ 7 ന് തീയറ്ററുകളിലെത്തുന്ന ഇന്നസെന്റ് സിനിമയുടെ 120 റിലീസ് തീയേറ്ററുകളില്‍ ഒരേ സമയം കൈകൊട്ടിക്കളി നടത്തുന്നതിലൂടെ ബെസ്റ്റ് ഓഫ് ഇന്ത്യ വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടുകയാണ് ‘ഇന്നസെന്റ്’ ടീം ലക്ഷ്യമിടുന്നത്.പ്രേക്ഷകരേവരും ഏറ്റെടുത്ത ‘മന്ദാകിനി’ എന്ന ചിത്രത്തിന് ശേഷം നടന്‍ അല്‍ത്താഫ് സലീമും അനാര്‍ക്കലി മരിക്കാറും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ഇന്നസെന്റ്’ . സോഷ്യല്‍ മീഡിയ താരം ടാന്‍സാനിയന്‍ സ്വദേശി കിലി പോള്‍ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രമെന്ന നിലയില്‍ ഇതിനകം ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട് ചിത്രം.സര്‍ക്കാര്‍ ഓഫീസിലെ നൂലാമാലകളും മറ്റുമൊക്കെയായി പ്രായഭേദമെന്യേ ചിരിച്ചാഘോഷിച്ച് കാണാന്‍ പറ്റുന്ന ചിത്രമെന്നാണ് ട്രെയ്‌ലറില്‍നിന്ന് അറിയാനാകുന്നത്. ജോമോന്‍ ജ്യോതിര്‍, അസീസ് നെടുമങ്ങാട്, മിഥുന്‍, നോബി, അന്ന പ്രസാദ്, ലക്ഷ്മി സഞ്ജു, വിനീത് തട്ടില്‍, അശ്വിന്‍ വിജയന്‍, ഉണ്ണി ലാലു തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ ഒരുമിക്കുന്നത്. എലമെന്റ്‌സ് ഓഫ് സിനിമ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ എം. ശ്രീരാജ് എ.കെ.ഡി നിര്‍മിക്കുന്ന സിനിമയിൽ നിരവധി പ്രമുഖർ പാടിയിട്ടുണ്ട്. ജാസി ഗിഫ്റ്റ്, ഹനാൻ ഷാ, സിത്താര, വൈക്കം വിജയലക്ഷ്മി, അനാർക്കലി , നിത്യാ മാമൻ, കിളി പോൾ തുടങ്ങിയവരാണ് ഈ സിനിമയിലെ ഗാനങ്ങൾ പാടിയിട്ടുള്ളത്.ജി. മാര്‍ത്താണ്ഡന്‍, അജയ് വാസുദേവ്, ഡിക്‌സണ്‍ പൊടുത്താസ്, നജുമുദ്ദീന്‍ എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. ഷിഹാബ് കരുനാഗപ്പള്ളിയുടെ കഥയ്ക്ക് ഷിഹാബും സര്‍ജി വിജയനും സതീഷ് തന്‍വിയും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. പൂര്‍ണ്ണമായും കോമഡി ജോണറിലുള്ളതാണ് ചിത്രം.
ബെസ്റ്റ് ഓഫ് ഇന്ത്യ വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടുകയെന്ന ലക്ഷ്യവുമായി ടീം ‘ഇന്നസെന്റ്’
