ഓർമ്മ തണലിൽ ഒരൊത്തുചേരൽ…40 വർഷത്തിനു ശേഷം

കൊച്ചി: ബാല്യ കൗമാരം ചെലവിട്ട കലാലയ ഓർമകളുമായി അവർ ഒരിക്കൽക്കൂടി ഒത്തുചേർന്നു. 40 വർഷത്തിനു ശേഷം. അയ്യപ്പൻകാവ് ശ്രീനാരായണ ഹൈസ്കൂളിലെ 1985 എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർത്ഥികളാണ് ജോലിത്തിരക്കുകളും മറ്റും മാറ്റിവച്ച് നൊസ്റ്റാൾജിയ 40 സൗഹൃദ സംഗമത്തിൽ പഴയ സഹപാഠികൾക്കൊപ്പം ചേ‌ർന്നത്. പല ഡിവിഷനുകളിൽ ഒരുമിച്ച് പഠിച്ചവർ ഒത്തുചേരുന്നതറിഞ്ഞ് കേരളത്തിനകത്തും പുറത്തു നിന്നുമായി നാൽപതോളം പേരാണ് എത്തിയത്. 40 വർഷം മുമ്പ് ഒരു ക്ലാസിൽ പഠിച്ചവരുടെ ഒത്തുചേരലിന് എറണാകുളം നോർത്തിലുള്ള ലൂമിനാറ ഹോട്ടലിൻ്റെ ഹാൾ സാക്ഷിയായി.’ദൈവമേ സച്ചിദാനന്ദാ, ദൈവമേ ഭക്തവത്സലാ…. 40 വർഷം മുൻപ് അയ്യപ്പൻകാവ് ശ്രീനാരായണ ഹൈസ്കൂളിൽ ഈ ഈ്വരഗാനം ആലപിച്ച മിനി വില്യംസും ഡോ. സിന്ധു സി.വിയും അനിതയും ചേർന്ന് വീണ്ടും ആലപിച്ചതും എല്ലാവർക്കും ഗൃഹാതുര ഓർമ്മകളിലേക്കുള്ള തിരിച്ചുപോക്കായി. കൊച്ചി നഗര പിതാവ് മേയർ അഡ്വ.എം.അനിൽ കുമാർ നിലവിളക്ക് കൊളുത്തി നൊസ്റ്റാൾജിയ 40 സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്തു. തൻ്റെ സ്ക്കൂൾ ജീവിത അനുഭവങ്ങൾ പങ്ക് വെച്ച അദ്ദേഹം പ്ലാസ്റ്റിക്ക് വെള്ളം കുപ്പികൾ സദസ്സിൽ നിന്ന് ഒഴിവാക്കണമെന്ന് അഭ്യർഥിക്കുകയും അത് കൊണ്ട് ഉണ്ടാകുന്ന ദൂഷ്യ വശങ്ങളെക്കുറിച്ച് ഒരു ബോധവൽക്കരണവും നടത്തിയാണ് പ്രസംഗം അവസാനിപ്പിച്ചത്. ചിത്രകാരൻ മനോജ് മത്തശ്ശേരിലും ചാക്കോ കെ തോമസും ചേർന്ന് മേയർക്ക് മൊമൊൻ്റൊ നൽകി ആദരിച്ചു.പരിപാടിയുടെ സംഘാടക കൂടെയായ നിഷമോൾ അധ്യക്ഷത വഹിച്ചു. സുഗീവ് രാജ് സ്വാഗതവും കൂടെ പഠിച്ച രാമകൃഷ്ണന്റെയും ബാബുവിന്റെയും മറ്റ് സഹപാഠികളുടെയും വേർപാടിൽ ചടങ്ങിൽ അനുശോചന സന്ദേശം സുനിൽ അറിയിച്ചു.സുഹൃത്ത് സംഗമത്തിൽ ആദ്യമായി പങ്കെടുത്ത ഷിജു നാരായണൻ, വിജി, ജോസഫ്, ഗീത എന്നീ നാല് പേരെയും കൊണ്ട് കേക്ക് മുറിച്ച് ഏവർക്കും നൽകി. പിന്നീട് ആശംസകളും വിദ്യാലയ ഓർമകളുമായി ഓരോരുത്തരും തങ്ങളുടെ ജീവിതാനുഭവങ്ങൾ പങ്കിട്ടു.കേരളത്തിന്റെ വടക്കേ അറ്റത്ത് നിന്ന് വന്ന സിറാജ് മുതൽ വിവിധയിടങ്ങളിൽ നിന്നും വന്നവർ 40 വർഷം പുറകോട്ടുള്ള ജീവിതാനുഭവങ്ങളുടെ നർമ്മരസങ്ങൾ അവതരിപ്പിക്കുമ്പോൾ ഒരോരുത്തരും തങ്ങളുടെ ബാല്യകാല ജീവിതത്തിലേ ഓർമ്മകൾ പുതുക്കി.പ്രശസ്ത കാർട്ടൂണിസ്റ്റ് മനോജ് മത്തശേരിൽ,ബെംഗളൂരുവിൽ നിന്നും വന്ന ചാക്കോ കെ. തോമസ്, റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ രാജൻ ജോർജ്, പോർട്ട് ട്രസ്റ്റ് ആശുപത്രിയിലെ ഡോ.സിന്ധു സി.വി എന്നിവർ തങ്ങളുടെ നാല് പതിറ്റാണ്ടിലെ ജീവിതാനുഭവങ്ങൾ പങ്ക് വെച്ചു.കൂട്ടിൽ അടച്ചിട്ട കിളിയെ പുറത്ത് വിടുമ്പോൾ ഉണ്ടാകുന്ന സന്തോഷമായിരുന്നു കുടുംബസ്ഥയായ ഗീതയുടെത്. ഈ പരിപാടിയിൽ പങ്കെടുക്കുവാൻ പറഞ്ഞു വിട്ട തൻ്റെ ഭർത്താവിനൊടും അമ്മായി അമ്മയോടും നാത്തൂനോടും നന്ദി അറിയിച്ച് കൊണ്ടാണ് തൻ്റെ അനുഭവം പങ്കുവെച്ചത്. സ്ക്കൂൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ തന്നെ ചേർത്ത പഴയ കൂട്ടുകാരി ജാൻസിയോടും പ്രത്യേകം നന്ദി പറയുവാൻ ഗീത മറന്നില്ല. സ്ക്കൂൾ പംന കാലത്ത് ആരോടും അധികം സംസാരിക്കാത്ത ഗീത 40 വർഷങ്ങൾക്ക് ശേഷം തൻ്റെ സഹപാഠികളായ സുഹൃത്തുക്കളുടെ മുമ്പിൽ ആടിയും പാടിയും മതിമറന്ന് തൻ്റെ സന്തോഷം പങ്ക് വെച്ചത് ഏവർക്കും കൗതുകമായിരുന്നു. കാർട്ടൂണിസ്റ്റ് മനോജ് മത്തശേരിൽ തൻ്റെ സഹപാഠികൾക്കായി ചിത്രരചന കാർട്ടൂൺ ക്ലാസ്സും വിവിധ ഗാനങ്ങളും ആലപിച്ചു. പരിപാടിയിൽ പങ്കെടുത്ത ഏവർക്കും ഈ കൂട്ടായ്മയെക്കുറിച്ച് പറയാനുള്ളത് നല്ലത് മാത്രം.പങ്കെടുത്ത എല്ലാവർക്കും ഓർമ്മച്ചെപ്പിൽ സൂക്ഷിക്കാൻ സൗഹൃദ സംഗമം എന്ന പേരിൽ എഴുതിയ ബാഡ്ജ് നൽകി. പാട്ട് ,കസേരകളി, നൂലിൽ വള കെട്ടി കുപ്പിയുടെ വക്കിൽ ഇടുന്ന കളി, ബോൾ കളി തുടങ്ങി വിവിധ മത്സരങ്ങളും തിരുവാതിര കളിയും നടത്തി. ഉച്ചക്ക് 18 കൂട്ടം പച്ചക്കറി കറികളും രണ്ട് തരം പായസവും കോഴി ഇറച്ചിയും മീൻ വറുത്തതും എല്ലാം കൂടിയുള്ള വിഭവസമൃദമായ ഭക്ഷണം. ബാങ്ക് ഉദ്യോഗസ്ഥർ, വക്കീലന്മാർ, കെ.എസ്.ഇ.ബി യിൽ പ്രവർത്തിക്കുന്നവർ, അധ്യാപകർ, ഡോക്ടർമാർ, മാധ്യമപ്രവർത്തകർ, ബിസിനസുകാർ, കുടുംബശ്രീ പ്രവർത്തകർ, ഓട്ടോ ഡ്രൈവർ തുടങ്ങി ഈ കൂട്ടായ്മയുടെ ഭാഗമായിരുന്നു. എല്ലാവരും ഒത്ത് ചേർന്ന് തങ്ങളുടെ ബാല്യകാലത്തെ അനുഭവങ്ങൾ പങ്കുവെച്ചു. കുടുംബശ്രീ പ്രവർത്തകയും സി.പി.എം പാർട്ടി പ്രവർത്തകയുമായ നിഷ മോളും വീട്ടമ്മയായ പ്രമീള, ഉദ്യോഗസ്ഥയായ അനിത, സുഗീവ് രാജ്, ശിവരാജ്, സുനിൽ, അനിൽ എന്നിവരുടെ നേതൃത്വത്തിലാണ് ഇത്തരം ഒരു സുഹൃത്ത് സംഗമം സംഘടിപ്പിച്ചത്. 2026 ഒക്ടോബറിൽ നടത്തുന്ന അടുത്ത സുഹൃത്ത് സംഗമത്തിൽ കൂടുതൽ സഹപാഠികളെക്കൂടെ പങ്കെടുപ്പിക്കണം എന്നും അർബുധ രോഗത്തിനും മറ്റും ദുരിതം അനുഭവിക്കുന്ന സഹപാഠികൾക്ക് തുടർന്നും സാമ്പത്തിക സഹായങ്ങൾ നൽകണം എന്ന തീരുമാനത്തോടെയാണ് ഏവരും പിരിഞ്ഞത്.

ചാക്കോ കെ തോമസ്

Leave a Reply

Your email address will not be published. Required fields are marked *