.ദോഹ: ഖത്തർ ഇന്ത്യൻ സ്കൂൾ യൂത്ത് ഫെസ്റ്റിവലിന്റെ അഞ്ചാമത് പതിപ്പ് കലാഞ്ജലി 2025 ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫെസ്റ്റിവൽ ഒക്ടോബർ 26 മുതൽ 29 വരെ നടക്കും. ഇന്ത്യൻ കൾച്ചറൽ സെന്റർ വൈസ് പ്രസിഡന്റ് എബ്രഹാം കെ. ജോസഫ് കലാഞ്ജലി 2025ന്റെ തീയതികൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഭാവിയിലെ കലാപ്രതിഭകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി സംഘടിപ്പിക്കുന്ന കലാ സാംസ്കാരിക മഹോത്സവമാണിത്. ചടങ്ങിൽ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സുവനീർ 2024ന്റെ പ്രകാശനവും നടന്നു. സമാപനച്ചടങ്ങ് നവംബർ ഒന്നിന് അബു ഹമൂറിലെ ഐഡിയൽ ഇന്ത്യൻ സ്കൂൾ കാമ്പസിൽ നടക്കും. ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം പ്രസിഡന്റ് ഷാനവാസ് ടി. ബാവയും ഐഡിയൽ ഇന്ത്യൻ സ്കൂളിന്റെ പ്രിൻസിപ്പൽ ഷെയ്ഖ് ഷമീം സാഹിബും ചേർന്ന് പ്രകാശനം ചെയ്തു. കലാഞ്ജലി 2025ന്റെ ഔദ്യോഗിക പോസ്റ്ററും പ്രമോഷൻ വിഡിയോയും ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് അബ്ദുറഹിമാൻ ഇ.പിയും കലാഞ്ജലി ചെയർമാൻ ഡോ. ഹസൻ കുഞ്ഞിയും ചേർന്ന് പുറത്തിറക്കി. ചടങ്ങിൽ ശ്രദ്ധേയരായ അതിഥികൾ, സാമൂഹ്യ രംഗത്തെ നേതാക്കൾ, സ്കൂൾ പ്രതിനിധികൾ, മാധ്യമപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.നാല് വേദികളിലായി രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതു വരെ നീണ്ടുനിൽക്കുന്ന മൂന്ന് ദിവസത്തെ ഇന്റർസ്കൂൾ മത്സരങ്ങൾ, അധ്യാപകർക്കായി പ്രത്യേക ‘ടീച്ചേഴ്സ് പെർഫോമൻസ് ഡേ’, ഭക്ഷണ സ്റ്റാളുകളും ഇന്ററാക്ടീവ് സോണുകൾ, കുട്ടികൾക്കായി മത്സരങ്ങളും അനുമോദനം എന്നിങ്ങനെയുള്ള പരിപാടികളാണ് നടക്കുക. കലാഞ്ജലി പ്രസിഡന്റ് ബിനു കുമാർ, കലാഞ്ജലി ജനറൽ സെക്രട്ടറി അൻവർ ഹുസൈൻ, ഐഡിയൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഷെയ്ഖ് ഷമീം സാഹിബ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. കലാഞ്ജലിയുടെ ഉപദേശക സമിതി അംഗങ്ങൾ, കമ്യൂണിറ്റി നേതാക്കൾ, സ്കൂൾ പ്രിൻസിപ്പൽമാർ, രക്ഷിതാക്കൾ, സ്പോൺസർമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ഖത്തർ ഇന്ത്യൻ സ്കൂൾ യൂത്ത് ഫെസ്റ്റിവൽ ‘കലാഞ്ജലി 25’ ഒക്ടോബർ 26 മുതൽ
