വെള്ളായണി കാർഷിക കോളേജ്ഭാരതീയ കാർഷിക ഗവേഷണ കൗൺസിൽ അഖിലേന്ത്യാതലത്തിൽ നടത്തിയ ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പ് പരീക്ഷയിൽ വെള്ളായണി കാർഷിക കോളേജ് ഉന്നതവിജയം കരസ്ഥമാക്കി. ഫിസിക്കൽ സയൻസ് വിഭാഗത്തിൽ അലീന രാജ് ഒന്നാം റാങ്കും സോഷ്യൽ സയൻസ് വിഭാഗത്തിൽ അനശ്വര കൃഷ്ണ ആറാം റാങ്കും കീടശാസ്ത്ര വിഭാഗത്തിൽ ജ്യോതിക.കെ ഏഴാം റാങ്കും കരസ്ഥമാക്കി. 2021 ബാച്ചിലെ ഇരുപത്തിയഞ്ചിൽപരം വിദ്യാർത്ഥികൾ നൂറിൽ താഴെ റാങ്കുകൾ കരസ്ഥമാക്കിയതാണ് കോളേജിന്റെ അഭിമാനനേട്ടമായി മാറിയത്. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സ്കോളർഷിപ്പ് സെല്ലിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. വെള്ളായണി കാർഷിക കോളേജ് ഡീൻ ഓഫ് ഫാക്കൽറ്റി ഡോ. ജേക്കബ് ജോൺ പരിപാടി ഉദ്ഘാടനം ചെയ്യുകയും റാങ്കുകൾ നേടിയവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു . ഫിസിയോളജി വിഭാഗം പ്രൊഫസർ ഡോ. റോയ് സ്റ്റീഫൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കോളർഷിപ്പ് സെൽ കോർഡിനേറ്റർ ഡോ. അമീന. എം., ഡോ. സുഷ. വി . എസ്., വിദ്യാർത്ഥി പ്രതിനിധി ഫെബ തോമസ് എന്നിവർ സംസാരിച്ചു. അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്ത ചടങ്ങിൽ റാങ്ക് ജേതാക്കൾ വിജയാനുഭവങ്ങൾ പങ്കുവച്ചത് ജൂനിയർ വിദ്യാർത്ഥികൾക്ക് പ്രചോദനം നൽകുന്ന അനുഭവമായി മാറി.
കാർഷിക കോളേജ്, വെള്ളായണി അഖിലേന്ത്യ ജൂനിയർ റിസർച്ച് ഫെലോഷിപ്പ് പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കി
